പഞ്ചാബ് – ഹരിയാന ഹൈക്കോടതി ഈ വിഷയത്തിൽ സുപ്രധാന നിരീക്ഷണം പങ്കുവച്ചിരുന്നു. വായിക്കാൻ കഴിയാത്ത കുറിപ്പടികൾ രോഗിക്ക് തെറ്റായ മരുന്ന് തെറ്റായ അളവിൽ കിട്ടാൻ ഇടയാക്കുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഈ ആശങ്കകൾ കണക്കിലെടുത്താണ് രാജ്യത്തുടനീളമുള്ള ഡോക്ടർമാർക്ക് കുറിപ്പടി സംബന്ധിച്ച് എൻഎംസി നിർദേശം നൽകിയത്.മരുന്നുകൾ മാറുന്നത് രോഗികളുടെ ആരോഗ്യത്തെ ബാധിക്കുന്ന പ്രധാന വെല്ലുവിളിയാണെന്ന് ലോകാരോഗ്യ സംഘടന അടക്കം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മരുന്നിന്‍റെ അളവിലെ ചെറിയ പിഴവ് പോലും വലിയ പ്രത്യാഘാതത്തിന് കാരണമാകും. വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, പ്രായമായവർ, ഒന്നിലധികം മരുന്നുകൾ കഴിക്കുന്നവർ എന്നിവർക്ക് ചെറിയ പിഴവ് പോലും അലർജിയുണ്ടാവാൻ മുതൽ ജീവന് ഭീഷണിയാകുന്ന സങ്കീർണ അവസ്ഥയ്ക്ക് വരെ കാരണമായേക്കാം.