അടിച്ച് ഫിറ്റായി കാറോടിച്ചു, ഇടിച്ചത് മൂന്ന് വാഹനങ്ങളിൽ, സിവില്‍ പോലീസ് ഓഫീസർ കസ്റ്റഡിയിൽ


മദ്യപിച്ച് ലക്കുകെട്ട് വാഹനമോടിക്കുകയും അപകടമുണ്ടാക്കുകയും ചെയ്തെന്ന പരാതിയിൽ പോലീസ് ഉദ്യോഗസ്ഥൻ പിടിയിൽ. പാണ്ടിക്കാട് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സിപിഒ വി രജീഷിനെ ആണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. മദ്യലഹരിയിലാണ് ഉദ്യോഗസ്ഥൻ വാഹനമോടിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.

രജീഷ് ഓടിച്ചിരുന്ന കാര്‍ ആദ്യം ഒരു സ്‌കൂട്ടറിലാണ് ഇടിച്ചത്. ഇതേത്തുടര്‍ന്ന് സ്‌കൂട്ടര്‍ യാത്രക്കാരന്‍ റോഡിലേക്ക് മറിഞ്ഞുവീണു. എന്നാല്‍ കാര്‍ നിര്‍ത്താന്‍ തയ്യാറാകാതെ രജീഷ് കരുവാരക്കുണ്ട് ഭാഗത്തേക്ക് അമിത വേഗതയില്‍ ഓടിച്ചുപോയി. തുടര്‍ന്ന് തൊട്ടടുത്തുള്ള ഒരു കാറിലും പിന്നീട് ബൈക്കിലുമിടിച്ചാണ് വാഹനം നിന്നത്. രജീഷ് മദ്യലഹരിയിലാണെന്ന് മനസ്സിലാക്കിയതോടെ നാട്ടുകാര്‍ ഇയാളെ തടഞ്ഞുവെക്കുകയായിരുന്നു. മൂന്ന് വാഹനങ്ങളില്‍ ഇടിച്ചതോടെ പരിസരത്തുണ്ടായിരുന്ന നാട്ടുകാര്‍ ഓടിക്കൂടി കാര്‍ തടയുകയായിരുന്നു. തുടർന്ന് വിവരം പോലീസിനെ അറിയിക്കുകയും ചെയ്തു.

അപകടത്തിൽപ്പെട്ട മൂന്ന് വാഹനങ്ങളിലും ഉണ്ടായിരുന്നവരെ നാട്ടുകാർ ചേർന്ന് സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. ഇവരുടെ പരിക്കുകളുടെ വിശദാംശങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല. അപകടമുണ്ടാക്കിയത് താനല്ല എന്നായിരുന്നു രജീഷ് പറഞ്ഞത്. നാട്ടുകാര്‍ ചേർന്ന് രജീഷിനെ തടഞ്ഞുവെച്ചതിന് പിന്നാലെ പ്രദേശത്ത് നേരിയ സംഘര്‍ഷാവസ്ഥ ഉണ്ടാകുകയും ചെയ്തു. പിന്നീട് പാണ്ടിക്കാട് സ്റ്റേറ്റിനിൽ നിന്ന് കൂടുതല്‍ പോലീസുകാർ സ്ഥലത്തെത്തുകയും രജീഷിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. രജീഷിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം കൂടുതൽ നിയമ നടപടികളിലേക്ക് പോകുമെന്ന് പോലീസ് അറിയിച്ചു.

Previous Post Next Post