പിണറായി വിജയൻ ഇനിയും മുഖ്യമന്ത്രിയായി തന്നെ മടങ്ങി വരുമെന്നു എംഎ യൂസഫലി. ഓർമ കേരളോത്സവം പരിപാടിയിൽ സംസാരിക്കുകയായിരുന്നു യൂസഫലി. തനിക്ക് രാഷ്ട്രീയമില്ലെന്നും കച്ചവടക്കാരൻ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രിയ്ക്കും പ്രധാനമന്ത്രിയ്ക്കും ഒരുപോലെ സ്വാഗതം പറയുന്ന നാടാണിത്. ഏവരും സന്തോഷത്തോടെ മത സൗഹാർദ്ദത്തോടെ ഒത്തൊരുമിച്ചു ജീവിക്കുന്ന രാജ്യമാണിതെന്നും യൂസഫലി പറഞ്ഞു.
52 വർഷം മുൻപാണ് താനിവിടെ വന്നിറങ്ങിയത്. ഈ രാജ്യം എല്ലാം തന്നു. കേരളവും ആ ജനതയും ഹൃദയത്തിലാണെന്ന് യുഎഇ ഭരണാധികാരികൾ പറയുന്നു. കേരള ജനത ഈ രാജ്യത്തിന്റെ ഉയർച്ചയിൽ പ്രധാന പങ്കുവഹിക്കുന്നവരാണ്. സ്നേഹവും സാഹോദര്യവുമെല്ലാം തരുന്നതാണ് ഇവിടുത്തെ ഭരണാധികാരികൾ. ജീവിത പ്രശ്നങ്ങൾ മാത്രമാണ് ഇവിടുത്തെ രാഷ്ട്രീയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.