സംസ്ഥാനത്ത് സിപിഎമ്മിന് വൻ തിരിച്ചടി നേരിടുമ്പോഴും ശബരിമലയിൽ ഇടത് സ്ഥാനാർത്ഥിക്ക് വിജയം..



സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് വലിയ പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന കേസും വിവാദങ്ങളുമാണ് ഇടതുമുന്നണിയുടെ പരാജയത്തിന് കാരണമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. എന്നാൽ, ഏവരെയും അത്ഭുതപ്പെടുത്തി ശബരിമല വാർഡിലും ശബരിമല ഉൾക്കൊള്ളുന്ന റാന്നി പെരുനാട് ​ഗ്രാമപഞ്ചായത്തിലും ഇടതുപക്ഷം വിജയിച്ചിരിക്കുകയാണ്.

ശബരിമല, പമ്പ, സന്നിധാനം എന്നിവ ഉൾപ്പെടുന്ന റാന്നി പെരുനാട് പഞ്ചായത്തിലെ ഒൻപതാം വാർഡിൽ സിപിഎം വിജയം നേടി. റാന്നി പെരുനാട് പഞ്ചായത്തിൽ സിപിഎം ഭരണം നിലനിർത്തിയതോടൊപ്പം നിലയ്ക്കൽ, അട്ടത്തോട് ഉൾപ്പെടുന്ന ശബരിമല വാർഡിലും ഇടതുപക്ഷം മികച്ച വിജയം കൈവരിച്ചു. സിപിഎം സ്ഥാനാർത്ഥിയായ പി. എസ്. ഉത്തമനാണ് ശബരിമല അയ്യപ്പന്റെ തദ്ദേശ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടത്.

ഈ വാർഡിലെ മത്സരം അത്യന്തം കടുത്തതായിരുന്നു. സിപിഎമ്മിന്റെ പി. എസ്. ഉത്തമനും എതിരാളിയായ അമ്പിളി സുജസും ഒരേ എണ്ണം വോട്ടുകൾ നേടി. തുടർന്ന് നറുക്കെടുപ്പിലൂടെയാണ് വിജയിയെ നിർണയിച്ചത്. ശബരിമല മേൽശാന്തി തിരഞ്ഞെടുപ്പിനെ ഓർമ്മിപ്പിക്കുന്ന രീതിയിലായിരുന്നു ഈ നിർണായക ഘട്ടം. ഭാഗ്യം ഒപ്പം നിന്നതോടെ ഉത്തമന് വിജയം കൈവന്നു.

കഴിഞ്ഞ തവണ ബിജെപിയായിരുന്നു ഈ വാർഡിൽ വിജയിച്ചത്. സിറ്റിം​ഗ് വാർഡിൽ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സംസ്ഥാനത്ത് പല ഇടങ്ങളിലും ശബരിമല വിഷയമുയർത്തി ബിജെപി നേട്ടമുണ്ടാക്കിയെന്ന വിലയിരുത്തലുകൾക്കിടയിൽ, ശബരിമല വാർഡിൽ തന്നെ പാർട്ടിക്ക് തിരിച്ചടിയുണ്ടായതും ശ്രദ്ധേയമായി.

റാന്നി പെരുനാട് പഞ്ചായത്തിലെ ആകെ 16 വാർഡുകളിൽ 10 വാർഡുകളിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വിജയിക്കാനായി. യുഡിഎഫിനും ബിജെപിക്കും മൂന്ന് വാർഡുകൾ വീതം ലഭിച്ചു. ഇതോടെ പഞ്ചായത്തിലെ ഭരണ തുടർച്ച സിപിഎം ഉറപ്പിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പഞ്ചായത്തിൽ ബിജെപിക്ക് അഞ്ച് അംഗങ്ങളുണ്ടായിരുന്നുവെന്നതും ശ്രദ്ധേയമാണ്.
Previous Post Next Post