കനത്ത മഴയിൽ മുങ്ങി ജിദ്ദ; പതിനാറ് വർഷം മുമ്പത്തെ പ്രളയത്തിന്റെ ഓർമയിൽ ജിദ്ദ നിവാസികളും പ്രവാസി മലയാളി സമൂഹവും

 


ജിദ്ദ : പതിനാറ് വർഷങ്ങൾക്ക്
ശേഷം ജിദ്ദ വീണ്ടും ശക്‌തമായ മഴയുടെ ആഘാതം അനുഭവിച്ച ദിനമായിരുന്നു ഇന്നലെ. 2009ലെ ദുരന്ത ദിവസത്തേക്കാൾ കൂടുതൽ മഴയാണ് നഗരത്തിലുടനീളം പെയ്തത്. അന്ന് 90 മില്ലിമീറ്റർ മഴ ലഭിച്ചപ്പോൾ ഇന്നലെ മഴയുടെ അളവ് 130 മില്ലിമീറ്ററായി. എന്നാൽ 2009ലേത് പോലെ മനുഷ്യനാശമോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

കനത്ത മഴയോടൊപ്പം വീശിയ ശക്തമായ കാറ്റിൽ ജിദ്ദ അൽ ഫലാഹ് പ്രദേശത്തെ ഒരു പെട്രോൾ പമ്പിന്റെ മേൽക്കൂര തകർന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ജിദ്ദയിലാണെന്ന് ദേശീയ കാലാവസ്ഥ‌ാ കേന്ദ്രം സ്ഥിരീകരിച്ചു. ഉത്തര സൗദിയിലായിരുന്നു മഴയുടെ ശക്തി ഏറ്റവും കൂടുതലെങ്കിലും അൽ ജൗഹറ സ്റ്റേഡിയത്തിൽ 135 എം.എം., അൽ ബസാതീൻ മേഖലയിൽ 81 എം.എം., ജിദ്ദ വിമാനത്താവളത്തിൽ 51 എം.എം. മഴ രേഖപ്പെടുത്തി.


വ്യാഴാഴ്ച വരെ രാജ്യത്ത് മഴ തുടരുമെന്ന് കാലാവസ്‌ഥാ കേന്ദ്ര വക്താവ് ഹുസൈൻ അൽ ഖഹ്ത്താനി മുന്നറിയിപ്പ് നൽകി. കനത്ത മഴ സാധ്യതയെ തുടർന്ന് അൽ ഖസീം, കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽ ബാത്തിൻ എന്നിവിടങ്ങളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

2009ലെ ദുരന്തത്തിന്റെ ഓർമ വീണ്ടും സൗദി അറേബ്യയിൽ ഏറ്റവും വലിയ നാശം വിതച്ച മഴയായിരുന്നു 2009 നവംബർ 25ന് ജിദ്ദയിൽ ഉണ്ടായ വെള്ളപ്പൊക്കം. മണിക്കൂറുകളോളം പെയ്ത കനത്ത മഴ നഗരത്തെ മുഴുവൻ വെള്ളത്തിലാഴ്ത്തി. സൗദിയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായി അത് രേഖപ്പെടുത്തപ്പെട്ടു. ഇന്നലെ അഞ്ചു മണിക്കൂർ നിർത്താതെ മഴ പെയ്തിരുന്നുവെങ്കിലും എവിടെയും വെള്ളം ദീർഘനേരം കെട്ടിനിന്നില്ല. മരണങ്ങളും കുറഞ്ഞ തോതിലായിരുന്നു. ഒരു സൗദി പൗരൻ വെള്ളക്കെട്ടിലൂടെ
നടക്കുന്നതിനിടെ വൈദ്യുതി പോസ്റ്റിൽ കൈവച്ചതിനെ തുടർന്ന് ഷോക്കേറ്റ് മരിച്ചതാണ് ഇതുവരെ സ്ഥിരീകരിച്ച ഏക മരണം. അദ്ദേഹത്തെ രക്ഷപ്പെടുത്താൻ മറ്റ് ആളുകൾ ശ്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.


2009ലെ ദുരന്തത്തിൽ 120 പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. നൂറുകണക്കിന് വാഹനങ്ങളും താമസസ്‌ഥലങ്ങളും വ്യാപാര സ്‌ഥാപനങ്ങളും വെള്ളത്തിൽ മുങ്ങി നശിച്ചു. മലയാളികൾ, ഇന്ത്യൻ പൗരന്മാർ, പാക്കിസ്ഥാൻ, ബ്ലംഗാദേശ്, ഫിലിപ്പീൻസ് നിവാസികൾ ഉൾപ്പെടെ വിദേശികൾക്കായിരുന്നു മരിച്ചവരിൽ ഏറെയും.

പ്രളയത്തിന് പിന്നാലെ ഡ്രെയിനേജ് സംവിധാനങ്ങളുടെ നവീകരണം, നിരോധിത നിർമാണങ്ങൾ തടയൽ, മലവെള്ളപ്പാച്ചിലിന് സാധ്യതയുള്ള പ്രദേശങ്ങൾ തിരിച്ചറിയൽ, മഴവെള്ള സംഭരണ സംവിധാന വികസനം തുടങ്ങി നിരവധി പരിഷ്കാരങ്ങൾ സൗദി സർക്കാർ നടപ്പാക്കി.
അഴിമതിയിൽപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയും ശക്ത‌മായ നടപടികൾ സ്വീകരിച്ചു.

Previous Post Next Post