പുതുവത്സരം ആഘോഷിക്കാൻ ഒരുങ്ങി അബുദാബി; സുരക്ഷ ശക്തമാക്കി പൊലീസ്...



അബുദാബി പുതുവത്സര ആഘോഷത്തോടനുബന്ധിച്ചു സുരക്ഷ ശക്തമാക്കി അബുദാബി പൊലീസ്. നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ സുരക്ഷാ സംവിധാനങ്ങൾ ഊർജിതമാക്കിയതിനു പുറമേ കൂടുതൽ പട്രോളിങ് സംഘത്തെ വിന്യസിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ആഘോഷവേളകളിൽ ക്രമസമാധാനവും റോഡ് സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണു നടപടി കടുപ്പിച്ചത്.


വിനോദസഞ്ചാര കേന്ദ്രങ്ങളിലും ആഘോഷങ്ങൾ നടത്തുന്ന പ്രധാന ഇടങ്ങളിലും കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സ്‌മാർട്ട് ട്രാഫിക് സംവിധാനങ്ങളും സജ്ജമാക്കി. നിയമലംഘനങ്ങൾ കണ്ടെത്താൻ സിസിടിവി ക്യാമറകളുടെ സഹായത്തോടെ കർശന നിരീക്ഷണം നടത്തും.


അശ്രദ്ധമായ ഡ്രൈവിങ്, റോഡിലെ അഭ്യാസപ്രകടനങ്ങൾ, അമിത ശബ്ദമുണ്ടാക്കുന്ന രീതിയിൽ വാഹനങ്ങളിൽ മാറ്റം വരുത്തുക എന്നിവയ്ക്കെതിരെ കർശന നടപടിയുണ്ടാകും.

വാഹനത്തിന്റെ വിൻഡോയിലൂടെയോ സൺറൂഫിലൂടെയോ കയ്യും തലയും പുറത്തിടുന്നതു നിരോധിച്ചു. പാർട്ടി പ്രേകളുടെ ഉപയോഗം, അമിത ശബ്ദം ഉണ്ടാക്കൽ, പൊതുസ്‌ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കൽ എന്നിവയ്ക്കെതിരെയും കർശന നടപടിയുണ്ടാകും.

അമിതവേഗം, മത്സരയോട്ടം എന്നിവ പാടില്ല. വാഹനങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കണം. നിയമലംഘകർക്ക്
2,000 ദിർഹം വരെ പിഴയും 23 ട്രാഫിക് പോയിന്റുകളുമാണ് ശിക്ഷ. കൂടാതെ വാഹനം 60 ദിവസത്തേക്കു കണ്ടുകെട്ടുകയും ചെയ്യും. റോഡരികിലെ പാർക്കിങ് അനുവദിക്കില്ല. ചെറിയ അപകടങ്ങൾ സംഭവിച്ചാൽ ഗതാഗതം തടസ്സപ്പെടുത്താതെ വാഹനം സുരക്ഷിതമായ സ്ഥലത്തേക്കു മാറ്റണം.

തിരക്കേറിയ സ്ഥലങ്ങളിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാനും അടിയന്തര സാഹചര്യങ്ങളിൽ വൈദ്യസഹായം ഉൾപ്പെടെയുള്ളവ ഉറപ്പാക്കാനും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ 999 എന്ന നമ്പറിലോ പൊലീസിന്റെ ആപ്പിലോ ബന്ധപ്പെടാം.


Previous Post Next Post