ക്രിസ്മസിന് ഒരുമിച്ചിരുന്ന് മദ്യപിച്ചു; വാക്കുതർക്കവും കയ്യാങ്കളിയും, യുവാവിൻ്റെ കൊലപാതകത്തിൽ സുഹൃത്ത് അറസ്റ്റിൽ

 

ഇടുക്കി മേരികുളത്തിനു സമീപം മദ്യ ലഹരിയിൽ സുഹൃത്തിനെ കൊലപ്പെടുത്തി. ഡോർലാൻറ് ഭാഗത്ത് താമസിക്കുന്ന പുളിക്കമണ്ഡപത്തിൽ റോബിൻ തോമസ് (40) ആണ് മരിച്ചത്. പ്രതിയെന്ന് സംശയിക്കുന്ന റോബിൻറെ സുഹൃത്ത് സോജനെ ഉപ്പുതറ പോലീസ്  കസ്റ്റഡിയിലെടുത്തു.  ഇടുക്കി മേരികുളം ഡോർലാൻ്റ് ഭാഗത്ത് താമസിക്കുന്ന റോബിൻ ആണ് കൊല്ലപ്പെട്ടത്. റോബിൻറെ വീടിനടുത്താണ് ഉപ്പുതറ സ്വദേശിയായ ഇടത്തിപ്പറമ്പിൽ സോജൻ വാടകക്ക് താമസിച്ചിരുന്നത്. സുഹൃത്തുക്കളായ ഇരുവരും ചേർന്ന് ക്രിസ്മസ് ദിനത്തിൽ മദ്യപിച്ചു. രാത്രിയായതോടെ ഇരുവരും തമ്മിൽ തർക്കവും കയ്യാങ്കളിയുമുണ്ടായി. റോഡിൽ വച്ച് കയ്യാങ്കളിക്കിടെ സോജൻ കല്ലുകൊണ്ട് റോബിൻറെ തലക്ക് അടിക്കുകയായിരുന്നു.

മദ്യലഹരിയിലായിരുന്ന റോബിൻ പരിക്കേറ്റ് വഴിവക്കിൽ വീണു. ഇത് കാര്യമാക്കാതെ സോജൻ വീട്ടിലേക്ക് കയറിപ്പോയി. രാവിലെ പണിക്ക് പോകാൻ റോബിനെ വിളിക്കാൻ പിതൃസഹോദരൻറെ മകൻ എത്തിയപ്പോഴാണ് റോബിൻ റോഡരികിൽ മരിച്ചു കിടക്കുന്നത് കണ്ടത്. നാട്ടുകാർ അറിയിച്ചതനുസരിച്ച് ഉപ്പുതറ പോലീസ്  സ്ഥലത്തെത്തി സോജനെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തു. തന്നെ ആക്രമിച്ചപ്പോൾ തിരിച്ച് മർദ്ദിച്ചുവെന്നാണ് സോജൻ പോലീസിനോട് പറഞ്ഞത്.  മൃതദേഹം ഇൻക്വസ്റ്റിനു ശേഷം ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തി. പ്രാഥമിക റിപ്പോർട്ട് കിട്ടിയ ശേഷമായിരിക്കും സോജൻ്റെ അറസ്റ്റ് രേഖപ്പെടുത്തുക. അവിവാഹിതനായ റോബിൻ അച്ഛനോടൊപ്പമാണ് വീട്ടിൽ താമസിച്ചിരുന്നത്.

Previous Post Next Post