ശനിയാഴ്ച വൈകിട്ട് പാനൂരിൽ യുഡിഎഫിന്‍റെ ആഹ്ലാദപ്രകടനത്തിന് നേരെയാണ് വടിവാളുമായി സിപിഎം പ്രവർത്തകർ അക്രമം അഴിച്ചുവിട്ടത്. ലീഗ് പ്രവർത്തകരുടെ വീടുകളിൽ കയറിയ അക്രമികൾ ചിലർക്ക് നേരെ വാളുവീശി. പാറാട് ടൗണിലുണ്ടായ കല്ലേറിൽ നിരവധി യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റു. 25 വർഷങ്ങൾക്കുശേഷമാണ് കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ് പിടിച്ചത്. ഇതിന്‍റെ ഭാഗമായിട്ടാണ് പാറാട് ടൗണിൽ ആഹ്ലാദപ്രകടനം നടന്നത്. ഇതിനിടയിലേക്ക് വാഹനങ്ങളിൽ എത്തിയ സിപിഎം പ്രവർത്തകർ യുഡിഎഫുകാർക്ക് നേരെ പാഞ്ഞടക്കുകയായിരുന്നു. വ്യാപകമായ കല്ലേറുണ്ടായി. വടികൾ കൊണ്ട് ആളുകളെ ആക്രമിച്ചു. ഇതിനിടെ ലീഗ് ഓഫീസ് അടിച്ചു തകർത്തു.
യുഡിഎഫ് പ്രവർത്തകരെ തെരഞ്ഞ് വടിവാളുമായി വീടുകളിലേക്ക് പാഞ്ഞു കയറി. ചിലർക്ക് നേരെ വാളോങ്ങുകയും ചെയ്തു. അരിശം തീരാഞ്ഞ് നിർത്തിയിട്ടിരുന്ന കാറും ബൈക്കും വെട്ടി പൊളിച്ചു. മണിക്കൂറുകളോളം പാറോടും പരിസരത്തും സിപിഎം അക്രമിസംഘം അഴിഞ്ഞാടുകയായിരുന്നു. വീടുകളിൽ എത്തുമ്പോൾ മുഖം മനസിലാവാതിരിക്കാൻ പാർട്ടികൊടി കൊണ്ട് മുഖം മറച്ചു. പൊലീസ് നോക്കിയായിരുന്നു കലാപസമാനമായ അക്രമങ്ങൾ.