ഹണിമൂൺ കഴിഞ്ഞെത്തി.. പിന്നാലെ നവവധുവിന്റെ ആത്മഹത്യാ ശ്രമം…


ഹണിമൂൺ കഴിഞ്ഞ് മടങ്ങി എത്തിയതിന് പിന്നാലെ നവവധുവിന്റെ ആത്മഹത്യാ ശ്രമം. രാമമൂർത്തി നഗർ സ്വദേശിനി ഗനവി ആണ് തൂങ്ങി മരിക്കാൻ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതി വെന്റിലേറ്ററിലാണ്. ശ്രീലങ്കയിലെ മധുവിധു ആഘോഷം പാതിവഴിയിൽ നിർത്തി മടങ്ങി എത്തിയതിന് പിന്നാലെയാണ് രാമമൂർത്തി നഗറിലെ വീട്ടിൽ ഗനവി തൂങ്ങിമരിക്കാൻ ശ്രമിച്ചത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും യുവതിയെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവരുടെ ആരോഗ്യനില ആശങ്കാജനകമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഭർത്താവിൽ നിന്നും ഭർത്യ വീട്ടുകാരിൽ നിന്നും ഉണ്ടായ ക്രൂരമായ പീഡനമാണ് മകൾ ആത്മഹത്യാശ്രമം നടത്താൻ കാരണമെന്ന് പിതാവ് ശശി ആരോപിച്ചു.

ഗനവിയെ ആർഭാടപൂ‍‍ർവം വിവാഹം കഴിപ്പിച്ച് അയച്ചിട്ടും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് സൂരജും സൂരജിന്റെ അമ്മ ജയന്തിയും ചേർന്ന് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ശശിയുടെ ആരോപണം. സംഭവത്തിൽ രാമൂർത്തി നഗർ പൊലീസ് കേസെടുത്തിട്ടുണ്ട്. സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം, ആത്മഹത്യാ പ്രേരണാക്കുറ്റം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഒന്നര മാസം മുമ്പായിരുന്നു ഗനവിയുടേയും സൂരജിന്റെയും വിവാഹം. എന്നാൽ, ഭർതൃ വീട്ടുകാരുടെ നി‍ർദേശപ്രകാരം വിവാഹ റിസപ്ഷൻ നടത്തിയത് ഒരു മാസം കഴിഞ്ഞാണ്. ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ 40 ലക്ഷം രൂപ ചെലവ് ചെയ്തായിരുന്നു പാർട്ടി. ഇതിനു പിന്നാലെ ശ്രീലങ്കയിലേക്ക് 10 ദിവസത്തെ മധുവിധു ആഘോഷത്തിന് ഇരുവരും തിരിച്ചെങ്കിലും 5 ദിവസം കഴിഞ്ഞപ്പോൾ മടങ്ങി എത്തുകയായിരുന്നു. പിന്നാലെ മകളെ കൂട്ടിക്കൊണ്ടുപോകാൻ സൂരജ് ആവശ്യപ്പെടുകയായിരുന്നുവെന്ന് ശശി ആരോപിച്ചു.

Previous Post Next Post