മകനെ സ്കൂളിൽ ചേർക്കാൻ വന്നപ്പോൾ പുതുമയുള്ള ഒരു പേര് വേണമെന്നു പിതാവിന് തോന്നി അംഗിരസ് എന്ന് പേരിട്ടു: അംഗിരസ് എന്ന പേരിന്റെ കൗതുകം ഇപ്പോൾ തെരഞ്ഞെടുപ്പിലും ചർച്ചയായി: കുമരകത്തെ വോട്ടർമാരുടെ അംഗി ചേട്ടനെ അറിയാം.




കോട്ടയം: സ്ഥാനാർഥിയുടെ പേരു കേള്‍ക്കുമ്പോള്‍ വോട്ടർമാർക്ക് കൗതുകം. പിന്നെ ചോദ്യമായി? എന്താ ചേട്ടാ ഈ പേരിന്റെ അർഥം?
ജില്ലാ പഞ്ചായത്ത് കുമരകം ഡിവിഷനിലെ ഇടതു സ്ഥാനാര്ഥിയുടെ പേരിലാണ് പ്രത്യേകത. അഡ്വ. എസ്. അംഗിരസ് എന്നാണ് പേര്. സപ്ത ഋഷിമാരിലൊരാളാളുടെ പേരാണ് അംഗിരസ്.കുമരകം നെടിയകളത്തിൽ സദാശിവൻ എന്ന അംഗിരസിന്റെ പിതാവ് മകനെ സ്കൂളിൽ ചേർക്കാനായി എത്തിയപ്പോൾ മകനു പുതുമയുള്ള ഒരു പേരിടണമെന്നു തീരുമാനിച്ചു. അങ്ങനെയാണ് അംഗിരസ് എന്ന പേരിട്ടത്. സ്കൂളിലും കോളജിലും അംഗി എന്ന് എല്ലാവരും വിളിച്ചിരുന്ന അംഗിരസ് ഇപ്പോൾ സ്ഥാനാര്ഥിയായതോടെ വോട്ടർമാരുടെ അംഗി ചേട്ടനായി.

കുമരകം എസ്‌എൻ കോളജിൽ ഡിഗ്രി വിദ്യാര്ഥിയായിരിക്കെ എസ്‌എഫ്‌ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ അംഗിരസ് കോളേജ് യൂണിയൻ ചെയർമാനായിരുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുമരകം യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗമായും കുമരകം നേച്ചര് ക്ലബ് ജോയിന്റ് സെക്രട്ടറി, കുമരകം ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.ജില്ലാ കോടതിയിൽ അഭിഭാഷകനായ അംഗിരസ് ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ പ്രവർത്തകനാണ്. ഭാര്യ ഡോ. കീർത്തി കാജൽ (മെഡിക്കൽ ഓഫീസര്, കുമരകം സിഎച്ച്‌സി). യുഡിഎഫ് സ്ഥാര്ഥിയായി നിലവിലെ ജില്ലാ പഞ്ചായത്തംഗവും യൂത്ത് കോണ്ഗ്രസ് നേതാവുമായ പി.കെ. വൈശാഖും എൻഡിഎ സ്ഥാനാര്ഥിയായി ബിഡിജെഎസിലെ സാന്റപ്പനും മത്സരിക്കുന്നു.

Previous Post Next Post