കോട്ടയത്ത്‌ ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് മദ്യ വില്പന നടത്തിയായളെ പിടികൂടി എക്സൈസ്




കോട്ടയം : ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് മദ്യ വില്പന , ഒരാൾ പിടിയിൽ. ഫോണിൽ ബന്ധപ്പെടുന്ന കസ്റ്റമേഴ്സിന് മദ്യം വീട്ട് പടിക്കൽ എത്തിച്ച് നൽകുന്ന വെള്ളുത്തുരുത്തി പള്ളിപ്പറമ്പിൽ ബിജോയ് ചെറിയാൻ (46) നെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ആനന്ദരാജിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

വീട് വാടകയ്ക്ക് എടുക്കുവാൻ എന്ന വ്യാജേന എക്സൈസ് സംഘം ഇയാളെ സമീപിക്കുകയും ആളറിയാതെ എക്സൈസുകാർക്ക് മദ്യം നൽകുകയുമായിരുന്നു.

ഇയാൾ രാപകലില്ലാതെ വീടുകളിൽ മദ്യമെത്തിക്കുകയും മദ്യപർ ഇടവഴിയിൽ സ്ത്രീകളെ ശല്യം ചെയ്യുകയും പതിവായിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്നായിരുന്നു എക്സൈസ് നടപടി .ഇയാൾ ഓടിച്ചിരുന്ന KL 05 BA 0564 നമ്പർ ഓട്ടോറിക്ഷയുടെ ഡ്രൈവിംഗ് സീറ്റിനടിയിലുള്ള ബോക്സിൽ നിന്നും പിൻ സീറ്റിനടയിൽ നിന്നുമാണ് മദ്യക്കുപ്പികൾ കണ്ടെടുത്തത്. എക്സൈസ് പിടിയിലായിരിക്കുബോളും ഇയാളിൽ നിന്നും മദ്യവാങ്ങി പോവാനൊരുങ്ങിയ ആളെ എക്സൈസ് സാക്ഷിയാക്കി കേസിലുൾപ്പെടുത്തി.മദ്യം വിറ്റ വകയിൽ ഇയാളുടെ കൈയ്യിൽ നിന്നും 1500 /- രൂപയും മൊബൈൽ ഫോണും , 5 ലിറ്റർ മദ്യവും കണ്ടെടുത്തു. പിടിയിലായതിനു ശേഷവും നിരവധിയാളുകൾ ഇയാളുടെ മൊബൈൽ ഫോണിലേക്ക് മദ്യം ആവശ്യപ്പെട്ടു കൊണ്ട് വിളിച്ചിരുന്നു. ഈ കോളുകൾ എക്സൈസ് പരിശോധിച്ച് വരുകയാണ്.

കേസിൽ മറ്റ് സഹായികളുണ്ടെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചിട്ടുണ്ട്. ഇവരെ പിടികൂടാൻ എക്സൈസ് അന്വേഷണം ആരംഭിച്ചു.

പ്രതി മദ്യവില്പന നടത്തിയിരുന്ന പരുത്തും പാറ, നെല്ലിക്കൽ കുഴിമറ്റം, എന്നിവിടങ്ങളിലും എക്സൈസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ക്രിസ്തുമസ് -ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ചാണ് എക്സൈസ് നടപടി . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

പരിശോധനയിൽ എക്സൈസ് സർക്കിൾഓഫീസ് അസി എക്സൈസ് ഇൻസ്പെക്ടർമാരായ ആനന്ദരാജ് ബി, സി. കെ.സുരേഷ്, പ്രിവൻ്റീവ് ഓഫീസർ അനീഷ് രാജ് കെ ആർ, വനിത സിവിൽ എക്സൈസ് ഓഫീസർ അമ്പിളി കെ ജി സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.
Previous Post Next Post