വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥിയെ സത്യപ്രതിജ്ഞ ചെയ്യിപ്പിക്കരുത്… അയോഗ്യനാക്കണമെന്ന് കളമശ്ശേരിയിലെ സ്വതന്ത്രന്‍





കൊച്ചി: കളമശേരി നഗരസഭയിലെ 43-ാം വാര്‍ഡില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ സത്യപ്രതിജ്ഞ ചെയ്യിക്കരുത് എന്ന് ആവശ്യപ്പെട്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. 

വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എ റിയാസിനെ സത്യപ്രതിജ്ഞ ചെയ്യിക്കരുത് എന്നാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന കെ വി പ്രസാദിന്റെ ആവശ്യം. റിയാസിനെ അയോഗ്യനാക്കണമെന്നും സത്യപ്രതിജ്ഞ ചെയ്യിക്കരുതെന്നും ആവശ്യപ്പെട്ട് കെ വി പ്രസാദ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയായിരുന്നു.

തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ മുന്‍സിപ്പല്‍ ഓഫീസിന് മുന്നില്‍ തന്റെ ചിഹ്നമായ ടിവിക്ക് മുകളിൽ റിയാസ് കാല്‍ കഴുകിയെന്നും യുഡിഎഫ് അനുയായികള്‍ ടിവി അടിച്ച് തകര്‍ത്തു എന്നുമായിരുന്നു കെ വി പ്രസാദിന്റെ ആരോപണം. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമാണെന്നും പട്ടികജാതി വിഭാഗത്തില്‍പ്പെട്ട തന്നെ പൊതുസമൂഹത്തിന് മുന്നില്‍ അവഹേളിതനാക്കിയെന്നും പ്രശാന്ത് പരാതിയില്‍ പറഞ്ഞു.

ടിവി അടിച്ച് തകര്‍ക്കുന്നതിന്റെയും കാല്‍ കഴുകുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ തനിക്കും കുടുംബത്തിനും പുറത്തിറങ്ങാനാവുന്നില്ലെന്നും കെ വി പ്രസാദ് പരാതിയില്‍ പറയുന്നു. റിയാസിന്റെയും മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെയും പ്രവൃത്തി ഇലക്ഷന്‍ കമ്മീഷന്റെയും സുപ്രീം കോടതിയുടെും ഉത്തരവുകള്‍ക്ക് വിരുദ്ധമാണെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
Previous Post Next Post