തദ്ദേശ തിരഞ്ഞെടുപ്പ്: എൽഡിഎഫിൽ നിന്ന് ഭരണം പിടിച്ചെടുത്തത്തിന് പിന്നാലെ പഞ്ചായത്ത് ഓഫീസ് ചാണകം തളിച്ച് ശുദ്ധീകരിച്ച് ലീഗ് പ്രവർത്തകർ


തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്ത് ഓഫീസ് ചാണക വെള്ളം തളിച്ച് ശുദ്ധീകരിച്ച് ലീഗ് പ്രവർത്തകർ. തിരഞ്ഞെടുപ്പ് വിജയത്തിലെ ആഹ്ലാദ പ്രകടനത്തിനിടെയായിരുന്നു സംഭവം. എൽഡിഎഫ് ഭരിച്ചിരുന്ന പഞ്ചായത്ത് യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. പഞ്ചായത്തിൽ വൻ വിജയമാണ് യുഡിഎഫ് നേടിയത്. 20 വാർഡിൽ 17 ഉം യുഡിഎഫ് നേടിയപ്പോൾ ഒരു സീറ്റിൽ മാത്രമാണ് എൽഡിഎഫ് വിജയിച്ചത്. രണ്ട് സീറ്റിൽ വെൽഫെയർ പാർട്ടിയാണ് വിജയിച്ചത്.

ചങ്ങരോത്തെ ലീഗ് നേതാക്കളാണ് ഇതിനു പിന്നിലെന്നും ഫൈസൽ, സുബൈർ എന്നിവരാണ് ഇതിന് നേതൃത്വം നൽകിയതെന്നും സിപിഐഎം ആരോപിച്ചു. സിപിഐഎം മുതിർന്ന നേതാവായ ഉണ്ണി വേങ്ങേരിയായിരുന്നു പഞ്ചായത്ത് പ്രസിഡന്റ്. ഇദ്ദേഹം പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന ആളായതിനാലാണ് ലീഗ് ഇങ്ങനെ ചെയ്തതെന്നും സിപിഐഎം ആരോപിച്ചു.

Previous Post Next Post