തദ്ദേശ തിരഞ്ഞെടുപ്പ്… അഞ്ചുദിവസം ഡ്രൈ ഡേ


        
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തൃശ്ശൂർ-എറണാകുളം ജില്ലയിലെ അതിർത്തികളിലുള്ള കള്ളുഷാപ്പുകൾ ഉൾപ്പെടെയുള്ള മദ്യശാലകൾ തുടർച്ചയായി അഞ്ചു ദിവസം പ്രവർത്തിക്കില്ല. വോട്ടെടുപ്പ് നടക്കുന്ന പരിധിയുടെ അഞ്ചു കിലോമീറ്റർ ചുറ്റളവിൽ മദ്യവിൽപ്പന നിരോധിക്കുന്നതിനാലാണിത്.

എറണാകുളം വരെയുള്ള ജില്ലകളിൽ ഡിസംബർ ഒൻപതിനാണ് തിരഞ്ഞെടുപ്പ്. ഇവിടെ ഏഴിന് വൈകീട്ട് ആറ് മുതൽ വോട്ടെടുപ്പ് കഴിയുന്നതുവരെ ഡ്രൈ ഡേയാണ്. ഈ ദിവസങ്ങളിൽ അഞ്ചുകിലോമീറ്റർ പരിധിയിലുള്ള തൃശ്ശൂർ ജില്ലയിലെ കള്ളുഷാപ്പുകളും ബാറുകൾ ഉൾപ്പെടെയുള്ളവയും അടച്ചിടേണ്ടിവരും. 11-ന് വോട്ടെടുപ്പ് നടക്കുന്ന തൃശ്ശൂർ ഉൾപ്പെടെയുള്ള വടക്കൻ ജില്ലകളിൽ ഒൻപതിന് വൈകീട്ട് ആറ് മുതൽ വോട്ടെടുപ്പ് കഴിയുന്നതുവരെയാണ് ഡ്രൈ ഡേ. ഈ ദിവസങ്ങളിൽ എറണാകുളം ജില്ലയിലെ അതിർത്തികളിലുള്ള മദ്യശാലകളും അടച്ചിടേണ്ടിവരും.

തൃശ്ശൂർ ജില്ലയിലെ 16 കള്ളുഷാപ്പുകളാണ് ഡ്രൈഡേ നിയന്ത്രണത്തിന്റെ പേരിൽ തുടർച്ചയായി അഞ്ചുദിവസം അടച്ചിടേണ്ടിവരുന്നത്. കള്ളുഷാപ്പുകൾ തുടർച്ചയായി അടച്ചിടേണ്ടിവരുന്നത് തൊഴിലാളികളുടെ ജീവിതത്തെ ബാധിക്കുമെന്ന് ജില്ലാ ടോഡി ആൻഡ് അബ്കാരി മസ്ദൂർ സംഘ്, മാള റേഞ്ച് പ്രസിഡന്റ് എ.ആർ. സതീശൻ പറഞ്ഞു. തൊഴിലാളികൾക്ക് ആവശ്യമായ പകരം സംവിധാനം ഒരുക്കണമെന്ന് ചെത്ത്-മദ്യവ്യവസായ കോഡിനേഷൻ കമ്മിറ്റി (എഐടിയുസി) ജില്ലാ കൺവീനർ എ.വി. ഉണ്ണികൃഷ്ണൻ പറഞ്ഞു.


Previous Post Next Post