വി സി നിയമനത്തിൽ സർക്കാർ ഗവർണർക്ക് വഴങ്ങിയെന്ന പ്രതീതിയിൽ സിപിഐഎമ്മിൽ ആശങ്ക







തിരുവനന്തപുരം : വിസി നിയമനത്തിൽ ഉൾപ്പെടെ ഗവർണറുമായി സർക്കാർ ഒത്തുതീർപ്പുണ്ടാക്കിയതിൽ സിപിഐഎമ്മിൽ ഒരു വിഭാഗത്തിന് അതൃപ്തി. ഭാരതാംബ വിവാദത്തിൽ സസ്പെൻഷനിലായ കേരള സർവകലാശാല രജിസ്ട്രാർ കെ എസ് അനിൽകുമാറിന്റെ സ്ഥലംമാറ്റവും സർക്കാർ ഗവർണർക്ക് വഴങ്ങുന്നു എന്ന പ്രതീതി സൃഷ്ടിച്ചിട്ടുണ്ട് എന്ന ആശങ്കയാണ് ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാണിക്കുന്നത്. ഈ നീക്കങ്ങളിൽ ഇടത് വിദ്യാർത്ഥി അധ്യാപക സംഘടനകൾക്കും ജീവനക്കാർക്കും കടുത്ത അതൃപ്തിയുണ്ട്. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ചില നേതാക്കൾ ഈ ആശങ്ക അറിയിച്ചെന്നാണ് റിപ്പോർട്ട്. എന്നാൽ ധാരണയിൽ എത്തിയില്ലെങ്കിൽ ഒഴിഞ്ഞ് കിടക്കുന്ന മറ്റ് വിസി നിയമനവും പ്രതിസന്ധിയിൽ ആകുമെന്നായിരുന്നു മുഖ്യമന്ത്രി വിശദീകരണം എന്നാണ് വിവരം.

കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി-ഗവ‍ർണ‍ർ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സിസ തോമസിനെ കേരള ശാസ്ത്ര സാങ്കേതിക സർവ്വകലാശാല വിസിയായും സജി ഗോപിനാഥിനെ ഡിജിറ്റൽ സർവ്വകലാശാല വിസിയായും നിയമിച്ച് കൊണ്ടുള്ള ഉത്തരവ് ലോക്ഭവൻ പുറത്തിറക്കിയിരുന്നു. സുപ്രീം കോടതി വരെ നീണ്ട നിയമപോരാട്ടങ്ങൾക്ക് ഇടെയായിരുന്നു വിഷയത്തിൽ സമവായം ഉണ്ടായത്. നേരത്തെ സിസ തോമസിനെ വി സിയായി നിയമിക്കണമെന്ന ഗവർണറുടെ പിടിവാശിക്ക് സർക്കാർ വഴങ്ങിയിരുന്നില്ല. സജി ഗോപിനാഥിൻ്റെ വിഷയത്തിൽ വിട്ടുവീഴ്ച ചെയ്താലും സിസി തോമസ് വിഷയത്തിൽ വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്നായിരുന്നു സർക്കാർ നിലപാട്. എന്നാൽ ഗവർണറുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സിസി തോമസിനെ വിസിയാക്കി ചാൻസലർ കൂടിയായ ഗവർണർ ഉത്തരവിറക്കിയത്.
Previous Post Next Post