കോടതിയിൽ വിശ്വാസം നഷ്ടമായി…അടിസ്ഥാന അവകാശങ്ങൾ ലംഘിക്കപ്പെട്ടു…എല്ലാവർക്കും നന്ദി…അതിജീവിത


നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതികരണവുമായി അതിജീവിത. വിചാരണ കോടതിയിൽ വിശ്വാസം നഷ്ടമായി. കേസിൽ തന്റെ അടിസ്ഥാന ആവശ്യങ്ങൾ സംരക്ഷിക്കപ്പെട്ടില്ല. വിചാരണ കോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടർമാർ തടവിലാക്കപ്പെട്ട പോലെയായിരുന്നു. കോടതിയിൽ നീതി പ്രതീക്ഷിക്കേണ്ടതില്ലെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു. കേസ് തുറന്ന കോടതിയിൽ പരിഗണിക്കണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടില്ലെന്നും അതിജീവിത ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചു.

കുറിപ്പ് ഇങ്ങനെ..

എട്ടു വർഷം, ഒൻപത് മാസം, 23 ദിവസങ്ങൾ.. ഏറ്റവും വേദനാജനകമായ ഈ യാത്രയുടെ അവസാനമെന്നോണം വെളിച്ചത്തിന്റെ നേരിയ ഒരു കണിക ഞാൻ കാണുന്നു, പ്രതികളിൽ ആറുപേർ ശിക്ഷിക്കപ്പെട്ടിരിക്കുന്നു എൻ്റെ വേദനകളെ നുണയെന്നും ഈ കേസ് കെട്ടിച്ചമച്ച കഥയെന്നും പരിഹസിച്ചവർക്കായി ഞാൻ ഈ വിധിയെ സമർപ്പിക്കുന്നു. നിങ്ങൾക്ക് ഇപ്പോൾ അല്പം ആശ്വാസം കിട്ടുന്നുണ്ടാകുമെന്ന് ഞാൻ കരുതുന്നു.

അതുപോലെ ഒന്നാംപ്രതി എന്റെ personal ഡ്രൈവർ ആയിരുന്നു എന്ന് ഇപ്പോഴും പറയുന്നവരോട്, അത് ശുദ്ധമായ നുണയാണ്. അയാൾ എന്റെ ഡ്രൈവറോ എന്റെ ജീവനക്കാരനോ എനിക്ക് ഏതെങ്കിലും രീതിയിൽ പരിചയമുള്ള വ്യക്തിയോ അല്ല, 2016ൽ ഞാൻ വർക്ക്‌ചെയ്ത ഒരു സിനിമക്ക് വേണ്ടി പ്രൊഡക്ഷനിൽ നിന്നും നിയോഗിക്കപ്പെട്ട ഒരാൾ മാത്രമാണ് അയാൾ ഈ ക്രൈം നടക്കുന്നതിന് മുൻപ് ഒന്നോ രണ്ടോ തവണമാത്രമാണ് ഞാൻ അയാളെ കണ്ടിട്ടുള്ളത്. അതുകൊണ്ട് ദയവായി നിങ്ങൾ നിങ്ങളുടെ അഭിരുചിക്കനുസരിച്ച് കഥകൾ പറയുന്നത് നിർത്തുമെന്ന് കരുതുന്നു.

Previous Post Next Post