​കണ്ണീരണിഞ്ഞ് നാട്, സുഹാന് വിട നൽകി സഹപാഠികളും അധ്യാപകരും


പാലക്കാട് ചിറ്റൂരിൽ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആറു വയസുകാരന് സുഹാന്‍റെ മൃതദേഹം ഖബറടക്കി. സുഹാന്‍റേത് മുങ്ങി മരണമാണെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. കാണാതായി 21 മണിക്കൂറിനുശേഷമാണ് സുഹാന്‍റെ മൃതദേഹം വീട്ടിൽ നിന്നും അരക്കിലോമീറ്റര്‍ മാറിയുള്ള കുളത്തിൽ നിന്നും കണ്ടെത്തിയത്. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടു മണിയോടെയാണ് സഹോദരനുമായി പിണങ്ങിയ സുഹാനെ വീട്ടിൽ നിന്നും കാണാതാകുന്നത്.

നറു ചിരിയുമായി സുഹാൻ എവിടെങ്കിലും മറഞ്ഞിരിക്കുമെന്ന പ്രതീക്ഷയിൽ വീടിനു സമീപത്തെ പാടത്തും ആളൊഴിഞ്ഞ കെട്ടിടങ്ങളിലും പലവട്ടം തെരഞ്ഞെങ്കിലും സുഹാനെ കണ്ടെത്താനായിരുന്നില്ല. അഗ്നി രക്ഷാ സേനയും പൊലീസും നാട്ടുകാരും നടത്തിയ തെരെച്ചിലിനൊടുവിലാണ സുഹാന്‍റെ മൃതദേഹം കണ്ടെടുത്തത്. വീട്ടിൽ നിന്നും 800മീറ്ററോളം മാറിയുള്ള കുളത്തിന്‍റെ മധ്യ ഭാഗത്തായി കുഞ്ഞിന്‍റെ മൃതദേഹം കമിഴ്ന്നു കിടക്കുന്നത് നാട്ടുകാരാണ് ആദ്യം കണ്ടത്. അഗ്നി രക്ഷ സേനയെത്തി മൃതദേഹം പുറത്തെടുത്തു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വീട്ടിൽ നിന്നും ഇത്ര ദൂരം കുട്ടി എങ്ങനെ എത്തിയെന്നതിലടക്കം അന്വേഷണം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. 

സുഹാന്‍റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. എങ്കിലും എല്ലാ കാര്യങ്ങളേക്കുറിച്ചും അന്വേഷിക്കുമെന്ന് ചിറ്റൂര്‍ പൊലീസ് അറിയിച്ചു. മരണത്തിൽ ദുരൂഹതയില്ലെന്ന് സ്ഥലം എം എൽ എ കൂടിയായ മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.പോസ്റ്റ് മോര്‍ട്ടത്തിനുശേഷം മൃതദേഹം സുഹാൻ പഠിച്ച റോയൽ നേഴ്സറി സ്കൂളിൽ പൊതുദര്‍ശനത്തിന് വെച്ചു. സ്കൂള്‍ മുറ്റത്ത് അവസാനമായെത്തിയ ആ ആറുവയസുകാരന് അധ്യാപകരും സഹപാഠികളും കണ്ണീര് നിറഞ്ഞ യാത്രാമൊഴി നൽകി. പൊതുദര്‍ശനത്തിനുശേഷം സുഹാൻ അവസാനമായി വീട്ടിലേക്ക്. തുടര്‍ന്ന് മാട്ടു മന്ത ജുമാ മസ്ജിദ് ഖബര് സ്ഥാനിൽ ഖബറടക്കി.

Previous Post Next Post