ശ്രദ്ധക്കൂ …! തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇത്തവണ നോട്ട ഓപ്ഷൻ ഇല്ല; തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാൻ പോകുന്നവർ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി.

 


തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാൻ പോകുന്നവർ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി.

വോട്ടെടുപ്പ് സമയം, തിരിച്ചറിയല്‍ രേഖയുടെ പ്രാധാന്യം, ഒന്നിലധികം വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമനടപടികള്‍, പോളിംഗ് സ്റ്റേഷനിലെ നിയന്ത്രണങ്ങള്‍ എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങളാണ് പ്രധാനമായും നല്‍കിയിട്ടുള്ളത്.

വോട്ടെടുപ്പ് സമയം
രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് സമയം.
വൈകുന്നേരം 6 മണിക്ക് പോളിംഗ് സ്റ്റേഷനുകളില്‍ എത്തിച്ചേർന്ന എല്ലാ വോട്ടർമാർക്കും വോട്ട് രേഖപ്പെടുത്താൻ അവസരം ലഭിക്കും.

സമയം അവസാനിക്കുമ്പോള്‍ ക്യൂവില്‍ നില്‍ക്കുന്നവർക്ക് പ്രിസൈഡിംഗ് ഓഫീസർ ഒപ്പിട്ട സ്ലിപ്പ് നല്‍കും. ഈ വോട്ടർമാർ വോട്ട് ചെയ്തു കഴിയുന്നത് വരെ വോട്ടെടുപ്പ് തുടരും.

നിയമപരമായ ശ്രദ്ധേയ കാര്യങ്ങള്‍
ഒന്നിലധികം വോട്ട് കുറ്റകരം: ഒരാളുടെ പേര് ഒന്നിലധികം വോട്ടർപട്ടികകളിലോ ഒരേ പട്ടികയില്‍ ഒന്നിലധികം തവണയോ ഉണ്ടെങ്കില്‍ പോലും ഒരു വോട്ട് മാത്രമേ ചെയ്യാൻ പാടുള്ളൂ. ഒന്നിലധികം വോട്ട് ചെയ്യുന്നത് ശിക്ഷാർഹമാണ്.

ആള്‍മാറാട്ടം: വോട്ടു ചെയ്യാൻ വരാത്തവരുടെയും മരണപ്പെട്ടവരുടെയും വോട്ടുകള്‍ ആള്‍മാറാട്ടത്തിലൂടെ രേഖപ്പെടുത്തുന്നത് ഗുരുതരമായ കുറ്റമാണ്.

ശിക്ഷ: ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏർപ്പെടുന്നവർക്കെതിരെ ഭാരതീയ ന്യായസംഹിതയിലെ 174-ാം വകുപ്പ് പ്രകാരം ഒരു വർഷം വരെ തടവുശിക്ഷയും പിഴയും ലഭിക്കാവുന്നതാണ്.

NOTA സൗകര്യമില്ല: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് മെഷീനില്‍ (EVM) നോട്ട (NOTA – None of the Above) രേഖപ്പെടുത്താനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതല്ല. വിവിപാറ്റ് മെഷീനും ഇത്തവണ ഉപയോഗിക്കുന്നില്ല.

പോളിംഗ് സ്റ്റേഷനിലെ പ്രവേശനം
പോളിംഗ് സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിന് കർശന നിയന്ത്രണങ്ങളുണ്ട്. വോട്ട് ചെയ്യാൻ അർഹതയുള്ള വോട്ടർമാർ, പോളിംഗ് ഉദ്യോഗസ്ഥർ, സ്ഥാനാർത്ഥി, ഇലക്ഷൻ ഏജന്റ്, ഒരു പോളിംഗ് ഏജന്റ്, തിരഞ്ഞെടുപ്പ് കമ്മീഷൻ ചുമതലപ്പെടുത്തിയവർ, ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ, നിരീക്ഷകർ, വോട്ടർക്കൊപ്പമുള്ള കൈക്കുഞ്ഞ്, പരസഹായം ആവശ്യമുള്ള വോട്ടറെ സഹായിക്കാൻ അനുവദിക്കപ്പെട്ട പ്രായപൂർത്തിയായ വ്യക്തി എന്നിവർക്ക് മാത്രമേ പ്രവേശനമുള്ളൂ. പ്രിസൈഡിംഗ് ഓഫീസർക്കാണ് ഇത് സംബന്ധിച്ച്‌ പൂർണ്ണ അധികാരവും ഉത്തരവാദിത്തവും.

വോട്ട് ചെയ്യുമ്പോള്‍ ശ്രദ്ധിക്കാൻ
തിരിച്ചറിയല്‍ രേഖ: പോളിംഗ് ബൂത്തില്‍ പ്രവേശിക്കുമ്പോള്‍ നിർബന്ധമായും തിരിച്ചറിയല്‍ രേഖ കരുതണം.

നടപടിക്രമം: പോളിംഗ് ഉദ്യോഗസ്ഥർ നിങ്ങളുടെ തിരിച്ചറിയല്‍ രേഖയും വോട്ടർ പട്ടികയിലെ വിവരങ്ങളും പരിശോധിച്ച്‌, കൈവിരലില്‍ മഷി പുരട്ടി, വോട്ട് രജിസ്റ്ററില്‍ ഒപ്പും/വിരലടയാളവും രേഖപ്പെടുത്തി വോട്ടിംഗ് സ്ലിപ്പ് നല്‍കും.

ബീപ് ശബ്ദം: വോട്ടിംഗ് കമ്ബാർട്ടുമെന്റില്‍ പ്രവേശിച്ച്‌, ബാലറ്റ് യൂണിറ്റിലെ പച്ച ലൈറ്റ് തെളിഞ്ഞു നില്‍ക്കുന്നത് ഉറപ്പാക്കണം. സ്ഥാനാർത്ഥിയുടെ ചിഹ്നത്തിന് നേരെയുള്ള ബട്ടണില്‍ വിരല്‍ അമർത്തിയാല്‍ ദീർഘമായ ‘ബീപ്’ ശബ്ദം കേള്‍ക്കുകയും വോട്ട് രേഖപ്പെടുത്തല്‍ പൂർണ്ണമാവുകയും ചെയ്യും. ഈ ബീപ് ശബ്ദം ഉറപ്പാക്കിയ ശേഷം മാത്രമേ വോട്ടർ മടങ്ങാവൂ.



أحدث أقدم