
കുട്ടികൾ പല കുസൃതികളും കാണിക്കാറുണ്ട്. ചിലപ്പോൾ കളി കാര്യമാവുകയും ചെയ്യും. അങ്ങനെയൊരു വാർത്തയാണ് ഇപ്പോൾ കിഴക്കൻ ചൈനയിൽ നിന്ന് വരുന്നത്. ഒരു എട്ടു വയസുകാരൻ കൂട്ടുകാരോടുള്ള സ്‌നേഹം പ്രകടിപ്പിക്കാനായി സ്വന്തം അമ്മയുടെ സ്വർണമാല കൂട്ടുകാർക്ക് നൽകിയിരിക്കുകയാണ്. മാതാപിതാക്കൾ അറിയാതെയാണ് കുട്ടി ഈ കുസൃതി ഒപ്പിച്ചത്.
ഒരാളെ മാത്രമല്ല എട്ട് വയസുകാരൻ സന്തോഷിപ്പിച്ചത്. സ്വർണമാല ചെറിയ കഷ്‌ണങ്ങളാക്കി കടിച്ച് മുറിച്ചാണ് കൂട്ടുകാരിൽ ഓരോരുത്തർക്കും അവൻ സമ്മാനമായി നൽകിയത്. ഇവരിലൊരാൾ കുട്ടിയുടെ സഹോദരിയോട് ഇക്കാര്യം പറഞ്ഞതോടെയാണ് മാതാപിതാക്കൾ വിവരം അറിഞ്ഞത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ആൺകുട്ടി മാലയെടുത്ത കാര്യം സമ്മതിച്ചത്.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഡ്രോയർ തുറന്ന് കുട്ടി മാലയെടുക്കുന്നതായി കണ്ടു. പിന്നീട് അന്വേഷണം നടത്തി മാല വീണ്ടെടുക്കാൻ ശ്രമം നടത്തിയെങ്കിലും ചുരുക്കം ചില ഭാഗങ്ങൾ മാത്രമാണ് അവർക്ക് തിരികെ ലഭിച്ചത്. മാലയുടെ വിലയെക്കുറിച്ച് ധാരണയില്ലായിരുന്നെന്നാണ് എട്ടുവയസുകാരൻ പ്രതികരിച്ചത്.
മാല ചെറിയ കഷ്‌ണങ്ങളാക്കാൻ ആദ്യം പ്ലയറുപയോഗിച്ചെങ്കിലും പരാജയപ്പെട്ടതോടെ കടിച്ച് മുറിക്കുകയായിരുന്നെന്ന് കുട്ടി പറഞ്ഞു. ആർക്കൊക്കെയാണ് സമ്മാനമായി നൽകിയതെന്ന് ഓർമയില്ലെന്നും ബാക്കി ഭാഗങ്ങൾ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് അറിയില്ലെന്നുമാണ് കുട്ടിയുടെ മൊഴി.
ഭർത്താവ് തനിക്ക് വിവാഹസമ്മാനമായി തന്ന മാലയാണ് മകൻ ചെറിയ കഷ്‌ണങ്ങളാക്കി കൂട്ടുകാർക്ക് കൊടുത്തതെന്ന് യുവതി സോഷ്യൽ മീഡിയയിൽ കുറിച്ചു. മാല എടുത്തതിനെത്തുടർന്ന് കുട്ടിയുടെ പിതാവ് അവനെ മർദ്ദിച്ചതായും റിപ്പോർട്ടുകളുണ്ട്.