കണ്ണൂർ കോർപ്പറേഷനില്‍ എല്‍ഡിഎഫ് സ്ഥാനാർഥിക്ക് ഇരട്ട വോട്ടുണ്ടെന്ന് ആരോപണം






കണ്ണൂർ കോർപ്പറേഷൻ എളയാവൂർ സൗത്ത് ഡിവിഷനിലെ എല്‍ഡിഎഫ് സ്ഥാനാർഥി വിജിനക്കെതിരെയാണ് യുഡിഎഫ് നേതൃത്വം പരാതിയുമായി രംഗത്തെത്തിയത്.

വിജിനയ്ക്ക് എളയാവൂർ സൗത്ത് ഡിവിഷനിലെ വോട്ടർ പട്ടികയിലും കൂടാതെ പായം പഞ്ചായത്തിലെ ഒമ്ബതാം വാർഡിലെ വോട്ടർ പട്ടികയിലും പേരുണ്ടെന്നാണ് യുഡിഎഫ് ഉന്നയിക്കുന്ന പ്രധാന ആരോപണം. ഇത് തെരഞ്ഞെടുപ്പ് നിയമങ്ങളുടെ ലംഘനമാണെന്ന് യുഡിഎഫ് ചൂണ്ടിക്കാട്ടുന്നു.

സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ യുഡിഎഫ് നേതൃത്വം തെരഞ്ഞെടുപ്പ് കമ്മിഷന് ഔദ്യോഗികമായി പരാതി നല്‍കി. വിജിനയെ അടിയന്തരമായി അയോഗ്യയാക്കണമെന്ന ആവശ്യവുമായി യുഡിഎഫ് ജില്ലാ കളക്ടർക്ക് നേരിട്ടും പരാതി സമർപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കാൻ പരാതിയില്‍ ശക്തമായ നടപടി വേണമെന്നാണ് പ്രതിപക്ഷ ആവശ്യം.

അതേസമയം, ഇരട്ട വോട്ട് ആരോപണം ഉയർന്ന സാഹചര്യത്തില്‍ എല്‍ഡിഎഫ് സ്ഥാനാർഥി വിജിന വിശദീകരണവുമായി രംഗത്തെത്തി. തനിക്ക് രണ്ടിടത്ത് വോട്ടുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും യാദൃശ്ചികമായി സംഭവിച്ച പിഴവാണെന്നുമാണ് സ്ഥാനാർഥിയുടെ നിലപാട്. യുഡിഎഫ് നല്‍കിയ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെയും ജില്ലാ കളക്ടറുടെയും തുടർ നടപടികള്‍ക്കായി കാത്തിരിക്കുകയാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍.
Previous Post Next Post