അഭിഭാഷകനായ മകന്‍ അച്ഛനെ വെട്ടിക്കൊന്നു; അമ്മ ഗുരുതരാവസ്ഥയില്‍; പ്രതിയെ സാഹസികമായി പിടികൂടി പൊലീസ്





ആലപ്പുഴ: അഭിഭാഷകനായ മകന്‍ അച്ഛനെ വെട്ടിക്കൊന്നു.വെട്ടേറ്റ അമ്മയുടെ നില ഗുരുതരം. കണ്ടല്ലൂര്‍ തെക്ക് പീടികച്ചിറയില്‍ നടരാജന്‍ (62) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ സിന്ധുവിനെ (49) ഗുരുതര പരിക്കുകളോടെ മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഇവരുടെ മകനും മാവേലിക്കര ബാറിലെ അഭിഭാഷകനുമായ നവജിത്ത് നടരാജനെ പൊലീസ് അറസ്റ്റ് ചെയ്തു.      

 ഞായറാഴ്ച രാത്രി ഒന്‍പതരയോടെ ഇവരുടെ വീട്ടിലാണ് സംഭവം. കുടുംബവഴക്കാണു കാരണമെന്നാണ് പ്രാഥമികവിവരം. വെട്ടുകത്തികൊണ്ടായിരുന്നു ആക്രമണം. നടരാജന്റെ തലയ്ക്ക് ഒട്ടേറെത്തവണ വെട്ടേറ്റു. നിലവിളി കേട്ടു പ്രദേശവാസികള്‍ എത്തിയപ്പോള്‍ നവജിത്ത് ചോരപുരണ്ട വെട്ടുകത്തിയുമായി വീടിനു പുറത്തു നില്‍ക്കുന്നതാണു കണ്ടത്. വീടിനുള്ളില്‍ കയറിനോക്കിയപ്പോഴാണു നടരാജനും സിന്ധുവും രക്തം വാര്‍ന്നുകിടക്കുന്നതു കണ്ടത്.

പ്രദേശവാസികള്‍ ഉടന്‍തന്നെ ആംബുലന്‍സില്‍ ഇരുവരെയും ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് മാവേലിക്കര സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും നടരാജന്‍ മരിച്ചു. മാതാപിതാക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ പൊലീസ് സാഹസികമായാണ് പിടികൂടിയത്.
Previous Post Next Post