
മാവേലിക്കര : കണ്ടിയൂർ പള്ളിയിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സതിയമ്മയുടെ (73) രണ്ടരപ്പവന്റെ മാല പൊട്ടിച്ച് കടന്ന സഹോദരങ്ങളാണ് പിടിയിലായത്. ചെങ്ങന്നൂർ ഡി.വൈ.എസ്.പിയുടെ പ്രത്യേക അന്വേഷണസംഘവും മാവേലിക്കര സി.ഐ സി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള മാവേലിക്കര പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. കണ്ടിയൂർ പടാര്യത്ത് സിജുഭവനത്തിൽ രഞ്ജുമോൾ.ആർ (37), സിജുമോൻ.എം.ആർ (28) എന്നിവരെയാണ് പ്രതികൾ.
കഴിഞ്ഞ നവംബർ 28ന് ഉച്ചയോടെ കണ്ടിയൂർ പള്ളിയിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സതിയമ്മയുടെ രണ്ടരപ്പവന്റെ മാല ഹെൽമറ്റ് വെച്ച് എത്തിയയാൾ കണ്ണിൽ മുളക് പൊടിയെറിഞ്ഞ് പൊട്ടിച്ചെടുക്കുകയായിരുന്നു. സതിയമ്മയുടെ കയ്യിലെ വള ഊരിയെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മാവേലിക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രൻ നായരുടെ നിർദേശപ്രകാരം ചെങ്ങന്നൂർ ഡി.വൈ.എസ്.പി എം.കെ.ബിനുകുമാറിന്റെ മേൽനോട്ടത്തിൽ അന്വേഷണ സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. വീടിനെകുറിച്ച് വ്യക്തമായി അറിയാവുന്ന ആളാണ് മോഷ്ണത്തിന് പിന്നിൽ എന്ന് മനസ്സിലാക്കിയതോടെ സാമാന കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുള്ള സമീപവാസികളായ മുൻ കുറ്റവാളികളെ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക എത്തിച്ചത്. അന്വേഷണം തന്നിലേക്ക് എത്തുന്നുവെന്ന് മനസിലാക്കി സിജുമോൻ ഒളിവിൽ പോയിരുന്നു. തുടർന്ന് ഇയാളുടെ ബന്ധുവീടുകൾ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ ഓച്ചിറ ആലുംപീടിക ബീവറേജ് ഔട്ട്‌ലെറ്റിന് സമീപത്ത് നിന്നും പിടികൂടുകയായിരുന്നു. സഹോദരിയായ രഞ്ജു മോൾക്ക് ബാങ്കിൽ പണം അടയ്ക്കുന്നതിന് വന്ന സാമ്പത്തിക ബാധ്യത തീർക്കുന്നതിന് വേണ്ടി രഞ്ജുമോൾ നൽകിയ നിർദ്ദേശം അനുസരിച്ചാണ് മോഷണം നടത്തിയതെന്ന് സിജുമോൻ പറഞ്ഞു.
രഞ്ജുമോളും, മോഷണത്തിന് ഇരയായ സതിയമ്മയും കണ്ടിയൂർ പള്ളിയിൽ വീട്ടിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. രഞ്ചുമോൾ കൊടുത്ത വിവരം അനുസരിച്ച് ഉച്ചയോടെ ഹെൽമറ്റ് ധരിച്ച് പള്ളിയിൽ വീട്ടിൽ എത്തി. അവിടെയുണ്ടായിരുന്ന രഞ്ചുമോൾ മുളക് പൊടിയും, ഇലക്ഷനുമായി ബന്ധപ്പെട്ട നോട്ടീസും സിജുമോന് കൊടുത്ത് സതിയമ്മ താമസിക്കുന്ന മുറിയിലേക്ക് വിട്ടു. ഹെൽമറ്റ് ധരിച്ച് സിജുമോൻ മുറിയുടെ വാതിൽക്കൽ എത്തി സതിയമ്മയെ വിളിച്ചു ഇലക്ഷനുമായി ബന്ധപ്പെട്ട നോട്ടീസ് കൊടുക്കാൻ ആണെന്ന് പറഞ്ഞ് മുറിയുടെ അകത്തുകയറി സതിയമ്മയുടെ കണ്ണിൽ മുളക് പൊടി തേച്ചശേഷം ബലമായി വള ഊരിയെടുക്കാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നപ്പോൾ മാലപ്പൊട്ടിച്ചു കടന്നുകളയുകയായിരുന്നു. സിജുമോന്റെ കുറ്റസമ്മത മൊഴിയുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് രഞ്ചുമോളെ അറസ്റ്റ് ചെയ്തത്.
സി.ഐ സി.ശ്രീജിത്ത്, എസ്.ഐ അനന്തു.എൻ.യു, എ.എസ്.ഐ പ്രസന്നകുമാരി.എം, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീഖ്, അരുൺ ഭാസ്ക്കർ, സിവിൽ പൊലീസ് ഓഫീസർമാരായ ജിഷ്ണു.ആർ, അനന്തമൂർത്തി.വി.എസ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ സിജുമോനെയും, രഞ്ചുമോളെയും ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മാജിസ്‌ട്രേറ്റ് കോടതി ഒന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.