'സറണ്ടര്‍ ചെയ്ത പാസ്പോര്‍ട്ട് തിരികെ വേണം'; കോടതിയില്‍ അപേക്ഷ നല്‍കി ദിലീപ്





എറണാകുളം: എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയിലുള്ള തന്റെ പാസ്പോർട്ട് ആവശ്യപ്പെട്ട് നടൻ ദിലീപ്. ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് പാസ്പോർട്ട് സറണ്ടർ ചെയ്തിരുന്നത്.

ഇത് ആവശ്യപ്പെട്ടാണ് ദിലീപ് അപേക്ഷ നല്‍കിയത്. നടിയെ ആക്രമിച്ച കേസില്‍ ഏറ്റവും പ്രതിയായിരുന്നു ദിലീപ്. കേസില്‍ നിന്ന് കുറ്റവിമുക്തനാക്കിയതിന് ശേഷം കോടതിയുമായി ബന്ധപ്പെട്ട് ദിലീപ് ചെയ്യുന്ന ആദ്യത്തെ നടപടിയാണിത്.

നടിയെ ആക്രമിച്ച കേസില്‍ ആറ് പ്രതികളുടെയും ശിക്ഷാവിധി ഇന്ന് തന്നെ ഉണ്ടാകും. കോടതിയുടെ ലിസ്റ്റിലുള്ള കേസുകള്‍ പരിഗണിച്ചതിന് ശേഷം മാത്രമായിരിക്കും പ്രതികളുടെ ശിക്ഷാവിധി പുറപ്പെടുവിക്കുക. കോടതിയുടെ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ഇരു ഭാഗങ്ങളുടെയും വാദം പൂർത്തിയായിക്കഴിഞ്ഞായിരിക്കും ശിക്ഷ വിധിക്കുന്നത്. ഒന്നാം പ്രതി പള്‍സർ സുനിയടക്കം ആറ് പേർക്കും ജീവപര്യന്തം നല്‍കണമെന്നാണ് പ്രോസിക്യൂഷൻ വാദം. ഏഴര വർഷം തടവ് അനുഭവിച്ചതിനാല്‍ ഇളവ് വേണമെന്ന് പ്രതിഭാഗം ആവശ്യപ്പെടും.

20 വർഷം വരെ കഠിന തടവോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കൂട്ടബലാത്സംഗക്കുറ്റം അടക്കം 10 കുറ്റങ്ങളാണ് 6 പ്രതികള്‍ക്കുമെതിരെ തെളിഞ്ഞത്. ശിക്ഷയില്‍ പ്രതികളുടെയും പ്രോസിക്യൂഷന്റെയും ഭാഗം കോടതി കേള്‍ക്കും. ഇതിനു ശേഷം ആകും പ്രിൻസിപ്പല്‍ സെഷൻസ് ജഡ്ജി ഹണി എം വർഗീസ് ശിക്ഷ വിധിക്കുക.
Previous Post Next Post