
ശബരിമല സ്വർണക്കവർച്ച കേസുമായി ബന്ധപ്പെട്ട് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒരു വിദേശ വ്യവസായിയും സൂചിപ്പിച്ച ‘ഡി മണി’ എന്ന ആളെ ചോദ്യം ചെയ്ത് പ്രത്യേക സംഘം (എസ്ഐടി). ഇയാളുടെ സ്ഥാപനങ്ങളിലും വീട്ടിലും എസ്ഐടി പരിശോധന നടത്തി. തമിഴ്നാട് ഡിണ്ടിഗൽ സ്വദേശിയായ ഡി.മണിയുടെ വീട്ടിൽ ഇന്ന് രാവിലെ 10.30ഓടെയാണ് പ്രത്യേക അന്വേഷണ സംഘം പരിശോധന ആരംഭിച്ചത്.
ഇയാളുടെ യഥാർഥ പേര് ബാലമുരുകൻ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഡയമണ്ട് മണിയെന്നാണ് ഇയാൾ അറിയപ്പെടുന്നത്. ഡി മണി പഞ്ചലോഹവിഗ്രഹങ്ങൾ വാങ്ങിയെന്നാണ് വിദേശ വ്യവസായിയുടെ മൊഴി. ഇയാളെ കഴിഞ്ഞ ദിവസവും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. രണ്ടാം തവണയാണ് ഇന്ന് ഇയാളെ ചോദ്യം ചെയ്തത്.
എസ്ഐടിയുടെ ചെന്നൈ സ്ക്വാഡ് ദിവസങ്ങളായി നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്. രമേശ് ചെന്നിത്തലയും വിദേശ വ്യവസായിയും പറഞ്ഞതനുസരിച്ച്, ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഈ വ്യക്തിക്ക് അടുത്ത ബന്ധമുണ്ടെന്നാണ് ആരോപണം.
എസ്ഐടിക്ക് ലഭിച്ച പ്രാഥമിക മൊഴികളിൽ ‘ഡി മണി’ വിഗ്രഹ വ്യാപാരിയാണെന്നും, ചില ഇടപാടുകളിൽ ഇടനിലക്കാരനായി പ്രവർത്തിച്ചതുമാണ് വ്യക്തമായിരിക്കുന്നത്. പക്ഷേ, ഈ ഇടപാടുകൾ ശബരിമല സ്വർണക്കൊള്ളക്കേസുമായി നേരിട്ട് ബന്ധപ്പെട്ടതാണോ എന്ന് കണ്ടെത്തേണ്ടതായുണ്ട്.