വയനാടിനായി ആകെ പിരിച്ചുകിട്ടിയത് 1.05 കോടി രൂപ, തുക കെപിസിസിക്ക് കൈമാറാൻ തീരുമാനിച്ച് യൂത്ത് കോൺ​ഗ്രസ്


വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ച വീടുകള്‍ക്കായി സംസ്ഥാന കമ്മിറ്റി സ്വരൂപിച്ച ഒരു കോടി അഞ്ച് ലക്ഷം രൂപ കെപിസിസി ഭവന നിര്‍മാണ ഫണ്ടിലേക്ക് കൈമാറുമെന്ന് യൂത്ത് കോൺ​ഗ്രസ് അറിയിച്ചു. കൊച്ചിയില്‍ ചേര്‍ന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സംസ്ഥാന സര്‍ക്കാരിന്റെ ഭരണ പരാജയം, ശബരിമല സ്വര്‍ണക്കൊള്ള, തൊഴിലില്ലായ്മ വിഷയങ്ങളില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക് കടക്കാനും സംഘടന തീരുമാനിച്ചു. പിഎസ്‌സിയെയും എംപ്ലോയ്‌മെന്റ് എക്‌സേഞ്ചിനെയും നോക്കുകുത്തിയാക്കി താല്‍കാലിക ജീവനക്കാരെയും, ഓണറേറിയം അടിസ്ഥാനത്തിലും, കരാര്‍ അടിസ്ഥാനത്തിലും പ്രവര്‍ത്തിക്കുന്ന ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെ നിയമപരമായി നേരിടുമെന്നും നേതാക്കൾ അറിയിച്ചു. 

ജനുവരി 12ന് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറി, ശബരിമല സ്വര്‍ണക്കൊള്ള, തൊഴിലില്ലായ്മ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് സമരകാഹളം എന്ന പേരില്‍ യുവജന റാലി സംഘടിപ്പിക്കാനും ജനുവരി 14 ന് മകരജ്യോതി ദിനത്തില്‍ എല്ലാ മണ്ഡലം കമ്മിറ്റികളിലും വിശ്വാസ സംരക്ഷണ ജ്യോതി നടത്താനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

കെപിസിസി ലക്ഷ്യ ക്യാമ്പിന്റെ അടിസ്ഥാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളും, ജില്ലാ പ്രസിഡന്റുമാരും പങ്കെടുക്കുന്ന ക്യാമ്പ് എക്‌സിക്യൂട്ടീവ് തിരുവനന്തപുരത്തു നടത്തും. നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലാ, ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാര്‍ക്കും ഭാരവാഹികള്‍ക്കും ചുമതലകള്‍ നല്‍കും.

Previous Post Next Post