യുപിയിൽ അഞ്ചിലൊന്ന് വോട്ടര്‍മാര്‍ എസ്‌ഐആറില്‍ പുറത്ത്, 2.89 കോടി പേര്‍ കരടു പട്ടികയില്‍ ഇല്ല






ന്യൂഡല്‍ഹി : തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ ( എസ്‌ഐആര്‍  ) കരടു പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ പുറത്തായത് ഉത്തര്‍പ്രദേശിലെന്ന് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍, 2.89 കോടി വോട്ടര്‍മാര്‍, അതായത് ഉത്തര്‍പ്രദേശിലെ മൊത്തം വോട്ടര്‍മാരുടെ 18.70 ശതമാനമാണ് ഒഴിവാക്കപ്പെട്ടത്. മരണം, സ്ഥിരമായ താമസമാറ്റം, ഇരട്ട വോട്ട് തുടങ്ങിയ കാരണങ്ങളാലാണ് ഇത്രയും വോട്ടുകള്‍ ഒഴിവാക്കപ്പെട്ടതെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നവ്ദീപ് റിന്‍വ വ്യക്തമാക്കി.

ഇതോടെ, SIR ന്റെ പ്രാരംഭ ഘട്ടത്തിന് ശേഷം രാജ്യത്ത് ഒഴിവാക്കപ്പെട്ട വോട്ടര്‍മാരുടെ എണ്ണത്തില്‍ ഉത്തര്‍പ്രദേശ് ഒന്നാമതെത്തി. കരട് വോട്ടര്‍ പട്ടികയില്‍ ഇപ്പോള്‍ 12.55 കോടി വോട്ടര്‍മാരുണ്ട്. അതായത് നേരത്തെ പട്ടികയിലുണ്ടായിരുന്ന ആകെ 15.44 കോടി വോട്ടര്‍മാരില്‍, 12.55 കോടി വോട്ടര്‍മാരും കരട് വോട്ടര്‍ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. സംസ്ഥാനത്തെ 75 ജില്ലകളിലെയും 403 നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടര്‍മാരാണ് പട്ടികയിലുള്ളതെന്നും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നവ്ദീപ് റിന്‍വ പറഞ്ഞു.

ഒഴിവാക്കപ്പെട്ടവരില്‍ 46.23 ലക്ഷം വോട്ടര്‍മാര്‍ (2.99 ശതമാനം) മരിച്ചതായി കണ്ടെത്തി. 2.57 കോടി വോട്ടര്‍മാര്‍ (14.06 ശതമാനം) സ്ഥിരമായി താമസം മാറിയവരോ, പരിശോധനാ പ്രക്രിയയില്‍ ലഭ്യമല്ലാത്തതോ ആണ്. 25.47 ലക്ഷം വോട്ടര്‍മാര്‍ (1.65 ശതമാനം) ഒന്നിലധികം സ്ഥലങ്ങളില്‍ രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ടെന്നും നവ്ദീപ് റിന്‍വ പറഞ്ഞു. കരടു പട്ടികയില്‍ ആക്ഷേപം ഉള്ളവര്‍ക്ക് ജനുവരി ആറു മുതല്‍ ഫെബ്രുവരി ആറു വരെ പരാതി ഉന്നയിക്കാം. ഈ കാലയളവില്‍ വോട്ടര്‍മാര്‍ക്ക് കരട് പട്ടികയില്‍ ഉള്‍പ്പെടുത്തല്‍, തിരുത്തല്‍ തുടങ്ങിയവയ്ക്കായി അപേക്ഷിക്കാവുന്നതാണെന്നും നവ്ദീപ് റിന്‍വ പറഞ്ഞു.

أحدث أقدم