
മാവേലിക്കര- മാവേലിക്കരയിലെ വിവിധ ഫിനാൻസ് സ്ഥാപനങ്ങളിൽ വ്യാജ ഹോൾമർക്ക് സീൽ പതിച്ച മുക്കുപണ്ടം പണയം വെച്ച് 3 ലക്ഷം രൂപയ്ക്ക് മുകളിൽ തട്ടിയ 4 പേരെ മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കൽ പഴകുളം റസൽ മൻസിൽ വീട്ടിൽ റസൽ മുഹമ്മദ് (20), നൂറനാട് പാലമേൽ ചെറുനാമ്പിൽ വീട്ടിൽ സൂരജ് എസ്സ് (19), അടൂര്‍ മോലൂട് ചരുവിൽ തറയിൽ വീട്ടിൽ തമ്പി മകൻ ഉണ്ണികുട്ടൻ (21), പന്തളം കുറുമ്പാല ജയലക്ഷമി വിലാസം വീട്ടിൽ സൂരജ് കുമാര്‍ എസ്സ് (19) എന്നിവരെയാണ് മാവേലിക്കര പൊലീസ് എറണാകുളത്തെ ഒരു ആഡംബര ഫ്ലാറ്റിൽ നിന്ന് അറസ്റ്റ് ചെയ്തത്.
മാവേലിക്കര പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ഇതൊരു സംഘം ചേര്‍ന്നുളള തട്ടിപ്പാണെന്ന് മനസിലായതോടെ ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രന്റെ നിർദേശപ്രകാരം ചെങ്ങന്നൂർ ഡി.വൈ.എസ്.പി എം.കെ. ബിനുകുമാറിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു അന്വേഷണം നടത്തുകയായിരുന്നു. സമാന കുറ്റകൃത്യങ്ങളിൽ ഏര്‍പ്പെട്ട മുൻ കുറ്റവാളികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനോടുവിലാണ് പ്രതികളെ എറണകുളത്ത് നിന്നും പിടികൂടിയത്. തട്ടിപ്പിലൂടെ സ്വന്തമാക്കുന്ന പണം പ്രതികൾ വീതം വച്ച് എടുത്ത് കൊച്ചിയിൽ ആഡംബര ജീവിതത്തിനു വേണ്ടിയായിരുന്നു ഉപയോഗിച്ചിരുന്നത്. പോക്സോ, മോഷണം, അടിപടി ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് റസൽ മുഹമ്മദ്. മാവേലിക്കര പലീസ് ഇൻസ്‌പെക്ടർ സി.ശ്രീജിത്ത്, എസ്.ഐ അനന്തു.എൻ.യു, സിവിൽ പൊലീസ് ഓഫീസർമാരായ ജിഷ്ണു.ആ, വി.എസ്സ് അനന്തമൂർത്തി എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മാജിസ്‌ട്രേറ്റ് കോടതി ഒന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.