അന്നത്തെ രാഹുലല്ല ഇന്നത്തേത്’, മത്സരിക്കാൻ പാലക്കാട് ജില്ലയിലെ തന്നെ നല്ല നേതാക്കളുണ്ട് , വി എസ് വിജയരാഘവൻ





പാലക്കാട് : വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മത്സരിക്കാനുള്ള രാഹുൽ മാങ്കൂട്ടത്തിലിന്റെ നീക്കത്തിന് തടയിടാൻ കോൺഗ്രസിലെ ഒരു വിഭാഗം. കഴിഞ്ഞ തവണ കോൺഗ്രസിന് വേണ്ടി മത്സരിച്ച രാഹുലല്ല, ഇപ്പോഴത്തെ രാഹുലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി എസ് വിജയരാഘവൻ മാധ്യമങ്ങളോട്  പ്രതികരിച്ചു. 

പാലക്കാട് മത്സരിക്കാൻ ജില്ലയിലെ തന്നെ നല്ല നേതാക്കളുണ്ട്. പുറത്ത് നിന്നുള്ളവർ ഇനി മത്സരിക്കേണ്ടി വരില്ലെന്നും,  കൊള്ളാവുന്ന സ്ഥാനാർത്ഥിയെ നിർത്തിയാൽ കോൺഗ്രസിന് ജയം ഉറപ്പാണെന്നും വി എസ് വിജയരാഘവൻ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ മത്സരിക്കുമോ ഇല്ലയോ എന്ന ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് വിജയരാഘവന്‍റെ പ്രതികരണം.

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിലിന് വീണ്ടും സീറ്റ് നല്‍കുന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം തുടരുകയാണ്. കഴിഞ്ഞ ദിവസം രാഹുലിന് പാലക്കാട് സീറ്റ് നല്‍കരുതെന്ന് നിലപാട് പറഞ്ഞ മുതിര്‍ന്ന നേതാവും കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗവുമായ പി ജെ കുര്യന്‍ അച്ചടക്ക നടപടി പിന്‍വലിച്ചാല്‍ രാഹുലിന് മത്സരിക്കാമെന്ന് പിന്നീട് തിരുത്തിയത് പാര്‍ട്ടിയിലെ ആശയക്കുഴപ്പത്തിന് തെളിവായി. വീണ്ടും മത്സരിക്കാനുള്ള സാധ്യത തളളിക്കളയാതെയായിരുന്നു രാഹുലിന്‍റെയും പ്രതികരണം. പെരുന്നയില്‍ കുര്യന്‍റെ  കാതില്‍ രാഹുല്‍ പറഞ്ഞ രഹസ്യമെന്തെന്ന്  വ്യക്തമല്ലെങ്കിലും തന്നെ ഉപദ്രവിച്ചാല്‍ തനിക്കും പലതും പറയേണ്ടി വരുമെന്ന ഭീഷണി കലര്‍ന്ന മുന്നറിയിപ്പിലാണ് മുതിര്‍ന്ന നേതാവ് നിലപാട് മാറ്റിയതെന്നാണ് കോണ്‍ഗ്രസിലെ അണിയറ വര്‍ത്തമാനം. പക്ഷേ രാഹുലും,  കുര്യനും ഈ ആരോപണം പരസ്യമായി തള്ളിയിരുന്നു.
Previous Post Next Post