വീട്ടുമതിലിലെ ബൈബിൾ വചനം; മായ്ക്കണമെന്ന് ബി.ജെ.പിക്കാർ, പറ്റില്ലെന്ന് വീട്ടുകാർ; പ്രതിഷേധത്തിനൊടുവിൽ സ്പ്രേ പെയിന്റ് ചെയ്ത് നീക്കി സംഭവം കേരളത്തിൽ ! ...അഞ്ച് വർഷത്തോളമായി മതിലിൽ എഴുതിയിരുന്ന വാചകത്തിന് എതിരെ ആണ് ഇപ്പോൾ പ്രതിഷേധം

ഉണ്ടായത്.

പത്തനാപുരം(കൊല്ലം): പെന്തകോസ്ത് സഭവിശ്വാസിയുടെ വീടിൻ്റെ മതിലിൽ വർഷങ്ങളായി കുറിച്ചിരുന്ന ബൈബിൾ വചനത്തിലെ വാക്കിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി തലവൂർ പഞ്ചായത്ത് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ഹിന്ദു സംഘടന പ്രവർത്തകർ രംഗത്തെത്തി.

പത്തനാപുരം പിടവൂർ സത്യൻമുക്കിലുള്ള പെന്തക്കോസ്ത് വിശ്വാസികളായ കുടുംബം താമസിക്കുന്ന വീടിൻ്റെ ചുമരിൽ എഴുതിയിരുന്ന വചനത്തിലെ 'വിഗ്രഹാരാധികൾ' എന്ന വാക്കിനെതിരെ ആണ് പ്രതിഷേധമുണ്ടായത്. ഈ മതിലിന്റെ ചിത്രം സാമൂഹിക മാധ്യമത്തിൽ ഹിന്ദു ഐക്യവേദി നേതാവ് ശശികലയും പങ്കുവച്ചിരുന്നു. ഇതേ തുടർന്ന് പഞ്ചായത്ത് മെമ്പർ വിജയകുമാറിൻ്റെ നേതൃത്വത്തിൽ സംഘടിച്ചെത്തിയവർ മതിലിൽ എഴുതിയിരിക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, ഇത് ബൈബിൾ വചനമാണെന്നും, മായ്ക്കാൻ കഴിയില്ലെന്നും വീട്ടുകാർ നിലപാട് എടുത്തു

ഇതേ തുടർന്ന് മതിൽ ഇടിച്ചുകളയുമെന്ന് പ്രതിഷേധക്കാർ ഭീഷണി മുഴക്കിയതിനെ തുടർന്ന്, സംഭവത്തിൽ പൊലീസ് ഇടപെട്ടു. പൊലീസ് വീട്ടുകാരുമായി ചർച്ച നടത്തിയതോടെ, തങ്ങൾ മായ്ക്കില്ലെന്നും, വേണമെങ്കിൽ പരാതിക്കാർക്ക് മായ്ക്കാമെന്നും വീട്ടുകാർ പൊലീസിനോട് പറഞ്ഞു. ഇതോടെ പൊലീസ് സഭ ഭാരവാഹികളുമായി ചർച്ച നടത്തി ഒത്തു തീർപ്പ് ശ്രമത്തിലെത്തി. തുടർന്ന്, പൊലീസ് സാന്നിധ്യത്തിൽ വിഗ്രഹാരാധികൾ എന്ന വാക്ക് സ്പ്രേ പെയിന്റ് ഉപയോഗിച്ച് നീക്കി. അഞ്ച് വർഷത്തോളമായി മതിലിൽ എഴുതിയിരുന്ന വാചകത്തിന് എതിരെ ആണ് ഇപ്പോൾ പ്രതിഷേധം ഉണ്ടായത്.



Previous Post Next Post