കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ അശ്രദ്ധമായ ഡ്രൈവിംഗ് കാരണം അപകടങ്ങള്‍ പതിവാകുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഉടന്‍ തന്നെ വിളിച്ച് ജില്ലാ കളക്ടർ പരാതി സമഗ്രമായി പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്. കെഎസ്ആര്‍ടിസി എംഡി, ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍, റോഡ് സുരക്ഷാ കമ്മീഷണര്‍, ജില്ലാ പോലീസ് മേധാവി ( സിറ്റി ആന്റ് റൂറല്‍ ) ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കണം.അപകടങ്ങള്‍ വര്‍ധിക്കുന്നതിന്റെ കാരണങ്ങള്‍ പരിശോധിച്ച് അവ ഒഴിവാക്കാനുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജില്ലാകളക്ടര്‍ നല്‍കണം. യോഗത്തിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ കെഎസ്ആര്‍ടിസി എംഡി, റോഡ് സുരക്ഷാ കമ്മീഷണര്‍, ജില്ലാ പോലീസ് മേധാവി ( സിറ്റി ആന്റ് റൂറല്‍) എന്നിവര്‍ ഒരു മാസത്തിനകം കമ്മീഷനില്‍ സമര്‍പ്പിക്കണം.
ജില്ലാ കളക്ടറുടെ പ്രതിനിധിയും മറ്റ് ഉദ്യോഗസ്ഥരുടെ പ്രതിനിധികളും മാര്‍ച്ച് 18ന് രാവിലെ 10ന് കമ്മീഷന്‍ ഓഫീസില്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് നടത്തുന്ന സിറ്റിംഗില്‍ നേരില്‍ ഹാജരായി വസ്തുതകള്‍ ധരിപ്പിക്കണം. കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ മരണപാച്ചില്‍ കാരണം ജനങ്ങള്‍ ഭീതിയിലാണെന്നാണ് പരാതി.ഒരാഴ്ചക്കിടെയുണ്ടായ അപകടങ്ങളില്‍ കാരയ്ക്കാമണ്ഡപത്ത് ചന്ദ്രിക ചീഫ് ഫോട്ടോഗ്രാഫര്‍ ഗോപകുമാര്‍ ബസ് അപകടത്തില്‍ മരിച്ചു. കഴക്കൂട്ടത്ത് നടന്ന അപകടത്തില്‍ യുവതിയുടെ കാലിലൂടെ ബസ് കയറിയിറങ്ങി. കണിയാപുരത്ത് ബസ് സ്‌കൂട്ടറില്‍ ഇടിച്ച് പള്ളിപ്പുറം സ്വദേശി മരിച്ചു. അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങും റോഡിന് നടുക്ക് ബസ് നിര്‍ത്തുന്നതും അപകടങ്ങള്‍ക്ക് കാരണമാകുന്നതായി പരാതിയുണ്ട്. ഡ്രൈവര്‍മാര്‍ക്ക് വിശ്രമം ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.