
പോത്തുണ്ടിയിൽ കൊല ചെയ്യപ്പെട്ട സുധാകരൻ, സജിത ദമ്പതികളുടെ മകൾക്ക് ധന സഹായം. ഇരുവരുടെയും ഇളയമകൾ അഖിലയ്ക്കാണ് മൂന്ന് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം അനുവദിച്ചത്. മന്ത്രിസഭായോഗത്തിലായിരുന്നു തീരുമാനം. 2019 ഓഗസ്റ്റ് 31നാണു സജിതയെ പോത്തുണ്ടി തിരുത്തംപാടത്തെ വീടിനകത്തു കഴുത്തിനു പിന്നിലും തോളിലും വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. ഭർത്താവ് സുധാകരൻ തിരുപ്പൂരിൽ ജോലിസ്ഥലത്തും, മക്കൾ സ്കൂളിലുമായിരുന്നു. തന്റെ കുടുംബം തകർത്തതു സജിതയാണെന്ന അയൽവാസിയും ബോയൻ കോളനി സ്വദേശിയുമായ ചെന്താമരയുടെ സംശയമാണു കൊലപാതകത്തിലേക്കു നയിച്ചത്. ഈ കേസിൽ ജാമ്യത്തിൽ കഴിയവേ 2025 ജനുവരി 27നു സജിതയുടെ ഭർത്താവ് സുധാകരൻ, അദ്ദേഹത്തിന്റെ അമ്മ ലക്ഷ്മി എന്നിവരെയും പ്രതി ചെന്താമര വെട്ടിക്കൊന്നത്.