
നിലമ്പൂരിൽ നടുറോഡിൽ കിടന്ന് ബസ് ജീവനക്കാരുടെ കൂട്ടത്തല്ല്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം.ഓരേ റൂട്ടിലോടുന്ന ബസ് ജീവനക്കാരാണ് തമ്മിൽത്തല്ലിയത്. സമയത്തെ ചൊല്ലിയാണ് തർക്കം ആരംഭിച്ചത്. തുടർന്ന് കയ്യാങ്കളിയിലേക്ക് കടക്കുകയായിരുന്നു. സംഭവത്തിൽ നിലമ്പൂർ പൊലീസ് കേസെടുത്തു.
നിലമ്പൂർ വഴി കരുളായിലേക്കും മറ്റൊരു ബസ് നിലമ്പൂർ വഴി വഴിക്കടവിലേക്കും പോവുകയായിരുന്നു. ഈ രണ്ട് ബസുകളിലെ ജീവനക്കാരാണ് പൊരിവെയിലത്ത് നടുറോഡിൽ പൊതിരെ തല്ലുകൂടിയത്. നിലമ്പൂർ ബസ് സ്റ്റാൻഡിന് മുൻവശത്തെ റോഡിലായിരുന്നു അടിപിടി. തർക്കം രൂക്ഷമായതോടെ ഗതാഗതം തടസ്സപ്പെട്ടു.
തുടർന്ന് പൊലീസുകാർ സ്ഥലത്തെത്തി ജീവനക്കാരെ പിടിച്ചു മാറ്റുകയായിരുന്നു. ഇരു ബസ്സുകളിലേയും ജീവനക്കാരെ പ്രതി ചേർത്ത് പൊലീസ് കേസെടുത്തു. ആറുപേർക്കെതിരെയാണ് എഫ്ഐആറ്‍. പൊതുമധ്യത്തിൽ സംഘം ചേർന്ന് തല്ലുകൂടൽ, അപകടകരമായ രീതിയിൽ വാഹനം ഓടിക്കൽ, ഗതാഗത തടസ്സമുണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തത്.
ആക്രമണത്തിൽ ബസ് ജീവനക്കാർക്ക് നിസാര പരിക്കുകൾ പറ്റിയിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. രണ്ടു ബസുകളും പൊലീസ് കസ്റ്റഡിയിലുമെടുത്തു. പൊലീസ് തുടർ നടപടികൾ സ്വീകരിച്ച് വരികയാണ്.