
വര്‍ണാഭമായ ഘോഷയാത്രയോടെ കൗമാര കലയുടെ കിരീടമായ സ്വര്‍ണ കപ്പിനെ വരവേറ്റ് പൂരനഗരി. അഞ്ചുനാള്‍ നീണ്ടുനില്‍ക്കുന്ന കലാപൂരത്തിന് തൃശൂര്‍ ഒരുങ്ങിക്കഴിഞ്ഞു. സാംസ്‌കാരിക നഗരിയുടെ തനിമ വിളിച്ചോതി വിവിധ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും കലാരൂപങ്ങളും തേക്കിന്‍കാടിനെ കലയുടെ പൂരാവേശമുയര്‍ത്തി. തൃശൂര്‍ റൗണ്ട് ചുറ്റി ഘോഷയാത്ര തേക്കിന്‍ക്കാട് മൈതാനത്തെ ഒന്നാംവേദി സൂര്യകാന്തിയില്‍ സമാപിച്ചു.
കാസര്‍കോട് മൊഗ്രാല്‍ ജിവിഎച്ച്എസ്എസില്‍നിന്ന് പ്രയാണമാരംഭിച്ച 117.5 പവന്‍ സ്വര്‍ണക്കപ്പ് വിവിധ ജില്ലകളിലെ സ്വീകരണ പര്യടനത്തിനുശേഷം തിങ്കളാഴ്ചയാണ് തൃശൂരിലെത്തിയത്. കലോല്‍സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്കാണ് സ്വര്‍ണക്കപ്പ് നല്‍കുക. തൃശൂര്‍ സി എം എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍നിന്നും ആരംഭിച്ച ഘോഷയാത്രയില്‍ മന്ത്രിമാരായ കെ രാജന്‍, വി ശിവന്‍കുട്ടി എന്നിവരും പങ്കെടുത്തു. നാളെയാണ് കൗമാര കലാമാമാങ്കത്തിന് തുടക്കമാകുന്നത്.