ലോ കോളേജിൽ എസ്എഫ് ഐ നിർമ്മിച്ച രക്തസാക്ഷി സ്‌തൂപത്തിൻറെ അനാച്ഛാദനം തടഞ്ഞ് ഹൈക്കോടതി


തിരുവനന്തപുരം ഗവ. ലോ കോളേജിൽ എസ്എഫ് ഐ നിർമ്മിച്ച രക്തസാക്ഷി സ്‌തൂപത്തിന്റെ  അനാച്ഛാദനം തടഞ്ഞ് ഹൈക്കോടതി. അനധികൃത നിര്‍മ്മാണം തടയണമെന്ന് ജില്ലാ കളക്ടര്‍ക്കും ഹൈക്കോടതി നിര്‍ദേശം നല്‍കി. നാളെ സ്‌തൂപം  അനാച്ഛാദനം ചെയ്യാനിരിക്കെയാണ് ഹൈക്കോടതി ഇടപെടല്‍

അതിനിടെ സ്‌തൂപത്തെ  ചൊല്ലി ഇന്ന് കാമ്പസില്‍ എസ്എഫ്‌ഐ, കെഎസ്‌യു പ്രവർത്തകർ തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സ്‌തൂപത്തിൽ  കെഎസ്‌യു പ്രവര്‍ത്തകര്‍ കറുത്ത പെയിന്റ് ഒഴിച്ചുവെന്ന് എസ്എഫ്‌ഐ ആരോപിച്ചു. എന്നാല്‍ അനധികൃത നിര്‍മ്മാണം തടഞ്ഞതാണെന്നാണ് കെഎസ്‌യു വാദം.

 ലോ കോളേജിലെ വനിതാ ഹോസ്റ്റലിന് മുന്നിലാണ് എസ്എഫ്ഐ രക്തസാക്ഷിയായ മുന്‍ ലോ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ എ എം സക്കീറിന്റെ സ്മരണാര്‍ത്ഥം സ്‌തൂപം  നിര്‍മ്മിച്ചത്. കാമ്പസിനകത്ത് അനധികൃത നിര്‍മ്മാണം നടത്തിയെന്നാരോപിച്ച് നാല് എസ്എഫ്‌ഐ വിദ്യാര്‍ത്ഥികളെ അന്വേഷണ വിധേയമായി സ്‌പെന്‍ഡ് ചെയ്തിരുന്നു.  എസ്എഫ്ഐ ലോ കോളേജ് യൂണിറ്റ് സെക്രട്ടറി അല്‍ സഫര്‍ നവാസ്, പ്രസിഡന്റ് സഫര്‍ ഗഫൂര്‍, പ്രവര്‍ത്തകരായ അര്‍ജുന്‍ പി എസ്, വേണുഗോപാല്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സര്‍ക്കാര്‍ ഭൂമി കയ്യേറുന്നത് ക്രിമിനല്‍ പ്രവര്‍ത്തനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. നിര്‍മ്മാണം നിര്‍ത്തിവെയ്ക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും പാലിച്ചില്ലെന്നും നിര്‍മ്മാണ പ്രവര്‍ത്തനവുമായി മുന്നോട്ട് പോയെന്നും സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.

Previous Post Next Post