പുനർജനി പദ്ധതി;എന്തു വന്നാലും രാഷ്ട്രീയമായി നേരിടും, തനിക്കെതിരെയുള്ള നീക്കത്തിൽ പ്രതികരിച്ച് വി ഡി സതീശൻ




പുന‌‌‍‌‍ർജനി പദ്ധതിയുമായി ബന്ധപ്പെട്ട് തനിക്കെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസ് ശുപാർശ ചെയ്ത സാഹചര്യത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എന്തു വന്നാലും രാഷ്ട്രീയമായി നേരിടും. ഒരു വ‌ർഷം മുൻപത്തെ ശുപാ‌ർശയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇപ്പോൾ പുറത്തു വന്നത് തിരഞ്ഞെടുപ്പായതിനാലാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഈ കേസ് നേരത്തെ ഒരു വട്ടം അന്വേഷിച്ചതാണ്. ഇത് നിലനിൽക്കുന്നതല്ലെന്ന് അന്ന് വിജിലൻസ് തന്നെയാണ് റിപ്പോ‌‍‌ർട്ട് സമർപ്പിച്ചത് , ഇത് നിയമപരമായി നിലനിൽക്കില്ലെന്നും വി ഡി സതീശന്റെ പ്രതികരിച്ചു.

അതേ സമയം, പ്രതിപക്ഷ നേതാവിനെതിരായ കേസിൽ പ്രതികരിച്ച് കെ സുധാകരൻ. ഇത് വെള്ളരിക്ക പട്ടണം അല്ലെന്നും കേസ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ളതാണെന്നും കെ സുധാകരൻ പറഞ്ഞു. നിയമപരമായ എല്ലാ സാധ്യതകളും ഉപയോഗിച്ച് കേസിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇത് തിരഞ്ഞെടുപ്പിലെ ചെപ്പടിവിദ്യ ആണെന്നായിരുന്നു കെസി വേണുഗോപാൽ എംപിയുടെ പ്രതികരണം. മോദിയെ സുഖിപ്പിച്ച് എങ്ങനെ ഭരണം നിലനിർത്താം എന്നാണ് നോക്കുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്.

സിബിഐ അന്വേഷിക്കേണ്ടത് ആണോ എന്ന് പൊതുസമൂഹം ചർച്ച ചെയ്യട്ടെയെന്ന് ജനറൽ സെക്രട്ടറി എം എ ബേബി. സിബിഐയുടെ കാര്യത്തിൽ പാർട്ടിക്ക് നിലപാടുണ്ട്. ഒരു സാഹചര്യത്തിലും സിബിഐ അന്വേഷണം വേണ്ട എന്ന നിലപാട് സിപിഎം എടുത്തിട്ടില്ല.
Previous Post Next Post