കണ്ണൂർ സെൻട്രൽ ജയിലിന് മുകളിൽ വീണ്ടും ഡ്രോൺ, കേസെടുത്ത് ടൗൺ പോലീസ്





കണ്ണൂർ സെൻട്രൽ ജയിലിന് മുകളിൽ വീണ്ടും ഡ്രോൺ. കണ്ണൂർ സെൻട്രൽ ജയിലിന് മുകളിലൂടെ ഡ്രോൺ പറന്നതിൽ ടൗൺ പോലീസ് കേസെടുത്തു. ഡ്രോൺ വനിതാ ജയിൽ ഭാഗത്തേക്ക് നീങ്ങിയെന്നാണ് ജയിൽ അധികൃതര്‍ പറയുന്നത്. ജനുവരി 10ന് വൈകുന്നേരം 4.20നും 4.30നും ഇടയിൽ സെൻട്രൽ ജയിലിലെ പശുത്തൊഴുത്തിന് ഭാഗത്ത് കൂടെ ഒരു ഇലക്ട്രിക് ഉപകരണം വനിത ജയിൽ ഭാഗത്തേക്ക് പറത്തി എന്നാണ് എഫ്ഐആർ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കണ്ണൂര്‍ സെൻട്രൽ ജയിലിൽ ഇത് ആദ്യ സംഭവമല്ല.

കഴിഞ്ഞ വർഷം മാർച്ചിലും വനിതാ ജയിലിന് മുകളിലൂടെ അജ്ഞാത ഡ്രോൺ പറന്നിരുന്നു. ജയിൽ സുരക്ഷയ്ക്ക് ഭീഷണിയാവും വിധമാണ് ഡ്രോൺ പറത്തിയത്. അന്ന് ജയിൽ കെട്ടിടത്തിനുള്ളിലെ ഓഫീസിനു മുകളിലായി 25 മീറ്റർ ഉയരത്തിൽ ആയിരുന്നു ഡ്രോൺ പറന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട ജയിൽ ജീവനക്കാരൻ സൂപ്രണ്ടിനെ വിവരമറിയിക്കുകയായിരുന്നു. രണ്ടുതവണ ജയിൽ കെട്ടിടത്തിന് വലം വച്ചാണ് ഡ്രോൺ മടങ്ങിയത്.


Previous Post Next Post