
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പാർട്ടിക്കൊപ്പം, ആര് മത്സരിക്കണമെന്ന് കോൺഗ്രസ് തീരുമാനിക്കും: പി ജെ കുര്യൻ
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ താന്‍ പാര്‍ട്ടി നിലപാടിനൊപ്പമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍. എന്‍എസ്എസ് ആസ്ഥാനത്ത് രാഹുല്‍ മാങ്കൂട്ടത്തിലുമായി നടത്തിയത് സൗഹൃദ സംഭാഷണം മാത്രമാണെന്നും പാലക്കാട് ആര് മത്സരിക്കണമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ നൂറിലധികം സീറ്റ് നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്നും താന്‍ പാര്‍ട്ടി തീരുമാനത്തിനൊപ്പം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുലുമായി കുശലം മാത്രം പറഞ്ഞു. രാഹുല്‍ അതൃപ്തിയോടെ എന്നോട് ഒന്നും സംസാരിച്ചിട്ടില്ല. പാലക്കാട് ആര് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി തീരുമാനിക്കും. രാഹുല്‍ മത്സരിക്കണമെന്ന് പാര്‍ട്ടി നിലപാട് എടുത്താല്‍ മാത്രം ഞാന്‍ അനുകൂലിക്കും. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം കോടതിയുടെ പരിഗണനയിലാണ്. സൈബര്‍ അറ്റാക്കില്‍ ഭയമില്ല. രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായിരിക്കുമ്പോഴാണ് യൂത്ത് കോണ്‍ഗ്രസിനെ ഞാന്‍ വിമര്‍ശിച്ചത്. 6 വര്‍ഷമായി എനിക്കെതിരെ സൈബര്‍ അറ്റാക്ക് നടക്കുന്നുണ്ട്: പി ജെ കുര്യന്‍ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭാ സീറ്റ് കൊടുക്കരുതെന്ന് താന്‍ പറഞ്ഞുവെന്ന തരത്തിലുളള പ്രചാരണം ശരിയല്ലെന്നും പി ജെ കുര്യന്‍ പറഞ്ഞു. രാഹുലിന് സീറ്റ് കൊടുക്കരുതെന്ന് താന്‍ പറഞ്ഞെന്ന പ്രചാരണം ശരിയല്ലെന്നും മറ്റ് സ്ഥാനാര്‍ത്ഥികള്‍ നിന്നാല്‍ ജയിക്കുമോ എന്ന ചോദ്യത്തിന് ആര് നിന്നാലും ജയിക്കും എന്ന് മറുപടി നല്‍കുകയായിരുന്നു എന്നുമാണ് പി ജെ കുര്യന്റെ വിശദീകരണം. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പാലക്കാട് നിയമസഭാ സീറ്റില്‍ വേറെ ആളെ നിര്‍ത്തുമെന്ന് കുര്യന്‍ പറഞ്ഞിരുന്നു. പിന്നാലെ എന്‍എസ്എസ് ആസ്ഥാനത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍ പി ജെ കുര്യനെ നേരില്‍ കണ്ടിരുന്നു. ഇരുവരും സംസാരിക്കുകയും ചെയ്തു. രാഹുല്‍ പി ജെ കുര്യനോട് ചെവിയില്‍ സ്വകാര്യം പറയുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. തുടര്‍ന്നാണ് ഫേസ്ബുക്കിലൂടെ തിരുത്തുമായി പി ജെ കുര്യന്‍ രംഗത്തെത്തിയത്.
സീറ്റ് നല്‍കരുതെന്ന് പറഞ്ഞിട്ടില്ല. ശ്രീ രാഹുല്‍ മാങ്കൂട്ടത്തിലിന് അസംബ്ലി സീറ്റ് കൊടുക്കരുത് എന്ന് ഞാന്‍ പറഞ്ഞെന്ന പ്രചാരണം ശരിയല്ല. രാഹുല്‍ മാങ്കൂട്ടത്തിലിന് സീറ്റ് കൊടുക്കരുതെന്ന അഭിപ്രായം ഞാന്‍ പറഞ്ഞിട്ടില്ല. മറ്റ് സ്ഥാനാര്‍ത്ഥികള്‍ നിന്നാല്‍ ജയിക്കുമോ എന്ന ചോദ്യത്തിന് ആര് നിന്നാലും ജയിക്കും എന്നാണ് ഞാന്‍ പറഞ്ഞിട്ടുളളത് എന്ന വിവരം അറിയിക്കാനാണ് ഈ കുറിപ്പ്. മറ്റുളള പ്രചാരണം ശരിയല്ല: പി ജെ കുര്യന്‍ ഫേസ്ബുക്കില്‍ കുറിച്ചു.