അറവുശാലയിലേക്ക് കൊണ്ടുപോകുന്നതിനിടെ കന്നുകാലികൾ ചത്തു; ദേശീയപാതയോരത്ത് ജഡങ്ങൾ തള്ളി; ലോറി ഡ്രൈവർ പിടിയിൽ




കാസർകോട്: ദേശീയപാതയോരത്തെ ജനവാസകേന്ദ്രത്തിൽ പോത്തുകളുടെയും കാളയുടെയും ജഡം തള്ളി. ബുധനാഴ്ച പുലർച്ചെയോടെയാണ് ജഡങ്ങൾ തള്ളിയതെന്നാണ് നിഗമനം.സ്വകാര്യ വ്യക്തിയുടെ മണ്ണ് നീക്കം ചെയ്ത സ്ഥലത്താണ് അറവുശാലയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ ചത്ത കന്നുകാലികളുടെ ജഡം തള്ളിയത്. സംഭവത്തിൽ ലോറിഡ്രൈവർക്കെതിരെ അമ്പലത്തറ പോലീസ് കേസെടുത്തു.

ബൽഗാം സ്വദേശി ഉമേശ് ഗൗഡ (40) ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ബൽഗാമിൽനിന്ന് 35 പോത്തുകളുമായി ഇരിയ മുട്ടിച്ചരലിലെ റഷീദും ഖാദറും നടത്തുന്ന ഫാമിലേക്കാണ് എത്തിച്ചത്. കൊണ്ടുവന്ന വഴിക്ക് മൂന്നെണ്ണം ചത്തുപോയതിനാൽ അതിനെ ഏറ്റെടുക്കാൻ ഫാം ഉടമകൾ തയ്യാറായില്ല. കർണാടകയിലേക്കുള്ള മടക്കയാത്രയിൽ ചാലിങ്കാലിലെ മണ്ണ് നീക്കിയ സ്ഥലത്ത് പോത്തുകളുടെ ജഡങ്ങൾ തട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.സമീപത്തെ സിസി ടിവികളിലൊന്നും ദൃശ്യങ്ങൾ ലഭിക്കാത്തതിനാൽ ജില്ലയിലെ പോത്ത് കച്ചവടക്കാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്താനായതെന്ന് പോലീസ് പറഞ്ഞു. അമ്പലത്തറ സിഐ യു.പി. വിപിനിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഡ്രൈവറെ കണ്ടെത്താനായത്.മൃഗങ്ങളുടെ ജഡങ്ങൾ അഴുകിത്തുടങ്ങിയതിനാൽ നാട്ടുകാരുടെ സഹകരണത്തോടെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുഴിയെടുത്ത് മൂടി. 
Previous Post Next Post