
എൻഎസ്എസ് ആസ്ഥാനത്ത് കയറാതെ മടങ്ങിപ്പോയ കൊടിക്കുന്നിൽ സുരേഷ് എംപി വീണ്ടും എൻഎസ്എസ് ആസ്ഥാനത്തെത്തി. നേരത്തെ എൻഎസ്എസ് ആസ്ഥാനത്തേക്ക് വന്ന കൊടിക്കുന്നിൽ സുരേഷ് മാധ്യമങ്ങളെ കണ്ടതോടെ കാര്‍ റിവേഴ്സ് എടുത്ത് മടങ്ങിപ്പോയിരുന്നു. കൊടിക്കുന്നിൽ സുരേഷ് കാറിൽ നിന്ന് ഇറങ്ങിയിരുന്നില്ല. ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ കൊടിക്കുന്നിൽ സുരേഷ് എംപി വീണ്ടും എൻഎസ്എസ് ആസ്ഥാനത്ത് എത്തുകയായിരുന്നു. ചങ്ങനാശ്ശേരി ഭാഗത്ത് വരുമ്പോള്‍ എൻഎസ്എസ് ആസ്ഥാനത്ത് വരാറുണ്ടെന്നും സെക്രട്ടറിയെ കാണാറുണ്ടെന്നും പ്രത്യേക അനുമതി വാങ്ങേണ്ട ആവശ്യമില്ലെന്നുമാണ് കൊടിക്കുന്നിൽ സുരേഷ് പ്രതികരിച്ചത്. നേരത്തെ മാധ്യമങ്ങളെ കണ്ടതോടെയാണ് മടങ്ങിയതെന്നും നിലവിലെ സാഹചര്യത്തിൽ താൻ എന്ത് പറഞ്ഞാലും അത് മറ്റൊരുതരത്തിൽ വ്യാഖ്യാനിക്കപ്പെടുമെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. ആസ്ഥാനത്തെത്തി ജി സുകുമാരൻ നായരെ കണ്ടശേഷമാണ് കൊടിക്കുന്നിൽ സുരേഷ് മടങ്ങിയത്.
എപ്പോഴും ഇവിടെ വരാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും കുടുംബ വീടുപോലെയാണെന്നും രാഷ്ട്രീയ പ്രതികരണം ഇവിടെ വെച്ച് നടത്തുന്നില്ലെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. പ്രതിപക്ഷ നേതാവിന്‍റെ നിലപാടിനെക്കുറിച്ച് ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്നും രാഷ്ട്രീയ ചര്‍ച്ചയ്ക്ക് അല്ല എത്തിയതെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. പ്രതിപക്ഷ നേതാവിനെതിരെയടക്കം ജി സുകുമാരൻ നായർ രൂക്ഷവിമർശനം നടത്തിയതിന് പിന്നാലെയായിരുന്നു കൊടിക്കുന്നിലിന്‍റെ സന്ദര്‍ശനമെന്നതാണ് ശ്രദ്ധേയം.
ഐക്യത്തോടെ നീങ്ങാൻ എൻഎസ് എസും, എസ്എൻഡിപിയും ധാരണയിലെത്തിയ ദിവസം തന്നെയാണ് കൊടിക്കുന്നിലിന്‍റെ സന്ദര്‍ശനം. ഇന്ന് വെള്ളാപ്പള്ളി നടേശനും ക്ഷണം സ്വീകരിച്ച ജി സുകുമാരൻ നായരും പ്രതിപക്ഷനേതാവിനെ രൂക്ഷമായി കടന്നാക്രമിച്ചിരുന്നു. വിഡി സതീശൻ ഇന്നലെ പൂത്ത തകരയെന്നായിരുന്നു വെള്ളാപ്പള്ളിയുടെ വിമർശനം. സാമുദായികനേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് പറഞ്ഞ സതീശൻ സിനഡിൽ പോയി കാലുപിടിച്ചെന്നാണ് ജി സുകുമാരൻ നായർ കുറ്റപ്പെടുത്തിയത്. വർഗ്ഗീയതക്കെതിരെ പോരാടി തോറ്റ് മരിച്ചാലും വീരാളിപ്പട്ട് പുതച്ചുകിടക്കുമെന്നായിരുന്നു സതീശന്‍റെ മറുപടി.