ഇന്ത്യന്‍ സൂപ്പര്‍ ക്രോസ് ബൈക്ക് റാലിക്കായി കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയം വിട്ടു കൊടുത്തതോടെ ഫുട്ബോള്‍ മൈതാനം ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ന്നു. മൈതാനം തകരാന്‍ കാരണം ഭരണ പക്ഷത്തിന്‍റെ ഉത്തരവാദിത്തമില്ലായ്മയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സംഘാടകരുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ഈ മാസം 15നകം സ്റ്റേഡിയം പഴയ നിലയിലാക്കുമെന്നാണ് മേയറുടെ വിശദീകരണം.
കഴിഞ്ഞ മാസം 21 നായിരുന്നു ബൈക്ക് റേസിങ്ങ്. ഇതിനായി സ്റ്റേഡിയം കെഎഫ്എ ഡിസംബര്‍ 15 നകം തന്നെ സംഘാടകരായ ബാന്‍റ് ഇ ഡോസിന് കൈമാറി. പ്ലൈവുഡ് നിരത്തി അതിന് മുകളില്‍ എണ്ണൂറോളം ലോഡ് മണ്ണിട്ടാണ് ബൈക്ക് ട്രാക്ക് നിര്‍മ്മിച്ചത്. ആഴ്ച്ചകളോളം വെയിലും വെള്ളവും ഏല്‍ക്കാതെ പുല്ല് കരിഞ്ഞുണങ്ങി. 25 ലക്ഷം രൂപ കെഎഫ്എയില്‍ കെട്ടിവെച്ചാണ് സംഘാടകര്‍ പരിപാടി നടത്തിയത്. എന്നാല്‍, നിലവില്‍ ഈ തുക ഉപയോഗിച്ച് സ്റ്റേഡിയം പഴയ പടിയാക്കാന്‍ കഴിയില്ല. കോര്‍പറേഷനിലെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി.