
ആലപ്പുഴ: കോൺഗ്രസിനും യുഡിഎഫിനുമെതിരെ മന്ത്രി വിഎൻ വാസവൻ. ഞങ്ങൾക്ക് രക്ഷയില്ല, ഞങ്ങളെ ഒന്ന് രക്ഷപ്പെടുത്തണമെന്നാണ് യുഡിഎഫ് പറയുന്നത്. എന്നാൽ, കേരള കോൺഗ്രസ് എവിടെയുണ്ടോ അവിടെ ഭരണം ഉറപ്പാണെന്നാണ് ജോസ് കെ മാണി പറയുന്നതെന്നും മുന്നണി മാറില്ലെന്ന് അദ്ദേഹം നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും വിഎൻ വാസവൻ പറഞ്ഞു. ജോസ് കെ മാണി തന്നെ യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്നാണ് പറഞ്ഞത്. കേരള കോൺഗ്രസ് മുന്നണി മാറുന്നുവെന്ന് ചില മാധ്യമങ്ങൾ വാർത്തകൊടുത്തു. സുനിൽ കനകോലുവിൻറെ നിർദ്ദേശപ്രകാരം അത്തരമൊരു വാർത്ത കോൺഗ്രസ് തന്നെ നൽകുകയായിരുന്നുവെന്നും വിഎൻ വാസവൻ ആരോപിച്ചു. കേരള കോൺഗ്രസിൻറെ മുന്നണി മാറ്റവുമായി ബന്ധപ്പെട്ട ചർച്ചകളുമായി ബന്ധപ്പെട്ടായിരുന്നു വിഎൻ വാസവൻറെ പ്രതികരണം.
കോൺഗ്രസിന് അത്തരമൊരു വാർത്ത സഹായകരമാകുമെന്നാണ് തന്ത്രം. ഇക്കാര്യത്തിൽ കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള അടി ആദ്യം തീരട്ടെ. സ്വന്തം താടി താങ്ങാൻ കഴിയാത്തവർ എങ്ങനെ അങ്ങാടി താങ്ങുമെന്നും വിഎൻ വാസവൻ പരിഹസിച്ചു. ആദ്യം പാർട്ടിക്കുള്ളിൽ ഐക്യം ഉണ്ടാക്കട്ടെ. എന്നിട്ട് മുന്നിലേക്ക് പുതിയ ആളുകളെ തേടിപ്പിടിക്കാൻ നടക്കട്ടെ. പരാജയത്തിൻറെ വീക്ഷണമാണ് അവരുടെ മനസിലുള്ളത്. അതുകൊണ്ടാണ് കേരള കോൺഗ്രസ്, കേരള കോൺഗ്രസ് എന്ന് ജപിച്ചുകൊണ്ടിരിക്കുന്നത്. സ്വപ്നത്തിൽ പാൽപായസം കാണുന്നതിന് കുഴപ്പമില്ലെന്നും കഞ്ഞി കാണേണ്ടതില്ലല്ലോയെന്നും വിഎൻ വാസവൻ പരിഹസിച്ചു.