
തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായുള്ള ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ സിപിഐ. വെള്ളാപ്പള്ളിയുടെ പരാമർശങ്ങളിൽ മറുപടി നൽകേണ്ടതില്ലെന്നാണ് സിപിഐ സെക്രട്ടറിയേറ്റിന്റെ തീരുമാനം. വെള്ളാപ്പള്ളി നടേശന്റെ പരാമർശങ്ങളിൽ സിപിഐ നേതാക്കളുടെ ഭാഗത്തുനിന്നും പരസ്യ പ്രതികരണങ്ങൾ ഉണ്ടാകില്ല. വെള്ളാപ്പള്ളിയെ അവഗണിച്ച് ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
സിപിഐയെ ചതിയൻ ചന്തുവെന്ന് വിളിക്കുകയും പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പാർട്ടിക്കുവേണ്ടി തന്റെ കയ്യിൽ നിന്നും പണം വാങ്ങിയെന്നുമടക്കം നിരവധി വിമർശനങ്ങൾ വെള്ളാപ്പള്ളി ഉന്നയിച്ചിരുന്നു. എന്നാൽ ചതിയൻ ചന്തുവെന്ന പ്രയോഗം കൂടുതൽ ചേരുന്നത് വെള്ളാപ്പള്ളിയുടെ തലയ്ക്കാണെന്നായിരുന്നു ബിനോയ് വിശ്വം പറഞ്ഞത്. പാർട്ടിക്ക് സംഭാവനയായി വെള്ളാപ്പള്ളി നടേശൻ പണം തന്നിട്ടുണ്ടെന്നും അനധികൃതമായി പണം കൈപ്പറ്റിയിട്ടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു.