1.31 കോടി സ്ത്രീകളുടെ അക്കൗണ്ടില്‍ അയ്യായിരം രൂപയെത്തി; സര്‍പ്രൈസ് സമ്മാനവുമായി സ്റ്റാലിന്‍




ചെന്നൈ : തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് തമിഴ്‌നാട്ടില്‍ സ്ത്രീകളുടെ അക്കൗണ്ടില്‍ 5000 രൂപയെത്തി. കലൈഞ്ജര്‍ വിമന്‍സ് റൈറ്റ്‌സ് സ്‌കീമില്‍ ഉള്‍പ്പെട്ട വനിതകള്‍ക്കാണ് പണം കിട്ടിയത്. പ്രതിമാസം ആയിരം രൂപ നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയാണിത്.  

സംസ്ഥാനത്തെ 1.31 കോടി ഉപഭോക്താക്കളുടെ അക്കൗണ്ടിലാണ് പണം എത്തിയത്. ഫ്രെബ്രുവരിയിലെ തുകയോടൊപ്പം മാര്‍ച്ചിലെയും ഏപ്രിലിലെയും തുകയാണ് മുന്‍കൂര്‍ ആയി നല്‍കിയത്. ഇതിനൊപ്പം വേനല്‍ക്കാല സഹായമെന്ന നിലയില്‍ സ്‌പെഷ്യല്‍ പാക്കേജ് ആയി രണ്ടായിരം രൂപയും നല്‍കിയിട്ടുണ്ട്.

ചിലര്‍ തെരഞ്ഞെടുപ്പ് ചൂണ്ടിക്കാണിച്ച് ആനുകൂല്യം മുടക്കാന്‍ ശ്രമിക്കുന്നതായും അതിനുമുന്‍പ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചുവെന്നും മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പറഞ്ഞു. ഇത് സ്റ്റാലിന്‍ സഹോദരിമാര്‍ക്ക് നല്‍കിയ ഉറപ്പാണ്. ഇത് തടയാന്‍ ആര് ശ്രമിച്ചാലും താന്‍ പിന്നോട്ട് പോകില്ല. ഡിഎംകെ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ പ്രതിമാസം ആയിരം രൂപയെന്നുള്ളത് രണ്ടായിരം രൂപയായി ഉയര്‍ത്തുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

2023 സെപ്റ്റംബറില്‍ ആരംഭിച്ച ഈ പദ്ധതി ഇപ്പോള്‍ 1.31 കോടി സ്ത്രീകളിലേക്ക് വ്യാപിച്ചിരിക്കുന്നു. ഇത് വെറുമൊരു സഹായമല്ല, മറിച്ച് സ്ത്രീകള്‍ സമൂഹത്തിന് നല്‍കുന്ന സംഭാവനകള്‍ക്കുള്ള അംഗീകാരമാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയിലെ ഒരു വിഭാഗവും തമിഴ്നാട്ടിലെ അവരുടെ അനുയായികളും ചേര്‍ന്ന് തെരഞ്ഞെടുപ്പ് കാലത്ത് ഈ തുക ലഭിക്കാതിരിക്കാന്‍ ഗൂഢാലോചന നടത്തുന്നതായി വിവരം ലഭിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
Previous Post Next Post