
കോന്നി മെഡിക്കൽ കോളേജിലെ രണ്ടര മാസത്തെ ചികിത്സയ്‌ക്കൊടുവിൽ 14 കാരന്റെ വലതുകൈ വളഞ്ഞുപോയ സംഭവത്തിൽ വിചിത്ര മറുപടിയുമായി ആശുപത്രി സൂപ്രണ്ട്. ചികിത്സിച്ചില്ലെങ്കിലും കുട്ടിയുടെ കൈ തനിയെ ശരിയാകുമായിരുന്നു. ഒട്ടേറെ പരിമിതികൾ ഉള്ള മെഡിക്കൽ കോളേജ് ശരിയാകാൻ ഇനിയും കാത്തിരിക്കണമെന്നും ഡോ. ഷാജി പറഞ്ഞു. അതേസമയം, ചികിത്സപ്പിഴവിൽ ആരോഗ്യവകുപ്പിനെതിരെ നിയമനടപടി ശക്തമാക്കാൻ ഒരുങ്ങുകയാണ് കുട്ടിയുടെ കുടുംബം.
മെഡിക്കൽ കോളേജ് ഓർത്തോ വിഭാഗം മേധാവിയുടെ രണ്ടര മാസത്തെ ചികിത്സക്കൊടുവിലാണ് 14 കാരൻ തൻസീറിന്റെ വലതു കൈ വളഞ്ഞുപോയെന്ന പരാതി ഉയർന്നത്. ചികിത്സ പിഴവിൽ ഒടുവിൽ ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം എത്തി. ചികിത്സ പിഴവിനെ കുറിച്ച് ചോദിക്കുമ്പോൾ മെഡിക്കൽ കോളജിന്റെ പരിമിതികളെ കുറിച്ചാണ് സൂപ്രണ്ടിന് പറയാനുള്ളത്. ഡോക്ടർമാരുടെ കുറവടക്കം എല്ലാം പരിഹരിക്കാൻ കാത്തിരിക്കണം. മുഖ്യമന്ത്രിക്കും, ആരോഗ്യമന്ത്രിക്കും പരാതി നൽകി. നടപടിയില്ല. പോലീസ് ആണെങ്കിൽ തിരിഞ്ഞു നോക്കുന്നുമില്ല. ആരോഗ്യവകുപ്പിനെതിരെ നിയമനടപടി ശക്തമാക്കാൻ ഒരുങ്ങുകയാണ് 14 കാരൻറെ കുടുംബം. മെഡിക്കൽ കോളേജിൽ ചികിത്സിച്ചു വളഞ്ഞുപോയ കൈ കോന്നിയിലെ സ്വകാര്യ ആശുപത്രിയിൽ മറ്റൊരു ശസ്ത്രക്രിയയിലൂടെ ശരിയാക്കി. ചികിത്സാചിലവിൽ നടപടി ആവശ്യപ്പെട്ട് പത്തനംതിട്ട ഡിസിസി പ്രസിഡണ്ട് ഉൾപ്പെടെ കോൺഗ്രസ് നേതാക്കൾ മെഡിക്കൽ കോളജിലേക്ക് ഇരച്ചു കയറി. സൂപ്രണ്ടിനെ ഉപരോധിച്ചു.