ശബരി റെയിൽവേ പദ്ധതിക്കായി 1900 കോടി രൂപ മാറ്റിവെക്കാൻ കിഫ്ബി ബോർഡ് യോഗത്തിൽ തീരുമാനം


ശബരി റെയിൽവേ പദ്ധതിക്കായി 1900 കോടി രൂപ മാറ്റിവെക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കിഫ്ബി  ബോർഡ് യോഗം തീരുമാനിച്ചു. ഈ പദ്ധതിക്കായി ഇനി പ്രത്യേകം ധനാനുമതിയുടെ ആവശ്യമില്ലെന്നും, പദ്ധതി നടപ്പിലാകുമെന്ന് ഉറപ്പാണെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ യോഗ ശേഷമുള്ള വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. കിഫ്ബി ഏറ്റെടുത്തിരിക്കുന്ന ആകെ പദ്ധതികളുടെ മൂല്യം ഒരു ലക്ഷം കോടി രൂപയിൽ നിന്ന് 1.10 ലക്ഷം കോടി രൂപയായി വർദ്ധിച്ചതായും  മന്ത്രി വ്യക്തമാക്കി.

ഭൂമി ലഭ്യമല്ല എന്ന കാരണം പറഞ്ഞ് കേന്ദ്രം പദ്ധതി തടസപ്പെടുത്തുന്നത് ഒഴിവാക്കാനാണ് സർക്കാർ ഇപ്പോൾ ഭൂമി ഏറ്റെടുക്കൽ നടപടികളിലേക്ക് നേരിട്ട് കടക്കുന്നത്. ഭാവിയിൽ ഈ പാത തിരുവനന്തപുരം വിഴിഞ്ഞത്തേക്ക് നീട്ടുന്നതിനെക്കുറിച്ചുള്ള പഠനവും ബജറ്റിൽ വിഭാവനം ചെയ്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.തിരുവനന്തപുരം വേളിയിൽ കെ-സ്പേസ് (K-Space) വികസനത്തിന് 600 കോടി രൂപയും, ‘വർക്ക് നിയർ ഹോം’ പദ്ധതിക്കായി 153 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കിഫ്ബി ഇതുവരെ അംഗീകാരം നൽകിയ പദ്ധതികളിൽ 38,608 കോടി രൂപ ചിലവഴിച്ചു കഴിഞ്ഞതായും ഇതിൽ 25,000 കോടി രൂപയുടെ പദ്ധതികൾ പൂർണ്ണമായി പൂർത്തിയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Previous Post Next Post