കളമശേരിയില്‍ 12.63 ഏക്കറില്‍ നാല് ബ്ലോക്കുകളിലായി 6.4 ലക്ഷം ചതുരശ്ര അടിയിലാണ് കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. കാന്‍സര്‍ റിസര്‍ച്ച് സെന്ററില്‍ ഐസിയു ഉള്‍പ്പെടെ 451 കിടക്കകളാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ 100 കിടക്കകളാണ് സജ്ജമാക്കിയത്. അത്യാധുനിക സ്‌കാനിങ്, എക്സറേ, റേഡിയേഷന്‍ ഉപകരണം എന്നിവ സജ്ജമാക്കി. 16 ലിഫ്റ്റുകള്‍, അത്യാധുനിക ഓപ്പറേഷന്‍ തിയറ്ററുകള്‍, 550 കാറുകള്‍ക്ക് പാര്‍ക്കിങ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. ചികിത്സയോടൊപ്പം കാന്‍സര്‍ ഗവേഷണവും ലക്ഷ്യമിടുന്നുണ്ട്.
സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ക്കായി 12 ഓപ്പറേഷന്‍ തിയേറ്ററുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇതില്‍ ഒരെണ്ണം ഭാവിയിലെ സാധ്യതകള്‍ മുന്‍കൂട്ടി കണ്ട് റോബോട്ടിക് ശസ്ത്രക്രിയയ്ക്കായി മാറ്റിവെച്ചിട്ടുണ്ട്. ഗവേഷണ ആവശ്യങ്ങള്‍ക്ക് മാത്രമായി കെട്ടിടത്തില്‍ 10,000 ചതുരശ്ര അടി സ്ഥലമാണ് നീക്കിവെച്ചിട്ടുള്ളത്. കിഫ്ബി വഴി പണം കണ്ടെത്തിയാണ് കാന്‍സര്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ പൂര്‍ത്തീകരിച്ചത്.