ദില്ലിയിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപമുള്ള ചേരികൾ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ കേന്ദ്ര സർക്കാർ ഊർജിതമാക്കി. ദില്ലിയിലെ റേസ് കോഴ്സ് റോഡിൽ സ്ഥിതി ചെയ്യുന്ന ഭായ് റാം ക്യാമ്പ്, മസ്ജിദ് ക്യാമ്പ്, ഡിഐഡി ക്യാമ്പ് എന്നീ 3 ചേരികളാണ് ഒഴിയാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങൾ ചൂണ്ടികാട്ടിയാണ് മാർച്ച് 6 ന് മുൻപ് ചേരികൾ ഒഴിയാൻ നിർദ്ദേശം നൽകിയിരിക്കുന്നത്.

 മൂന്ന് ചേരികളിൽ നിന്നായി 717 കുടുംബങ്ങളാണ് കുടിയിറക്കപ്പെടുന്നത്. മാർച്ച് ആറിന് മുൻപ് ഒഴിയാനാണ് നിർദ്ദേശം. പുനരധിവാസത്തിൻ്റെ ഭാഗമായി നിർമ്മിച്ച് നൽകിയ ഫ്ലാറ്റുകളിലേക്കാണ് മാറാനാണ് നിർദ്ദേശം. എന്നാൽ 45 കിലോമീറ്റർ അകലെയുള്ള സാവ്ദ ഘേവ്രയിലെ ഡിയുഎസ്ഐബി കോളനിയിലെ ഫ്ലാറ്റുകളിലേക്ക് മാറുന്നത് പ്രായോഗികമല്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. ആറാം തിയതിക്ക് മുൻപ് ഒഴിഞ്ഞില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. ചേരികളിൽ നിന്ന് മാറണമെന്നാവശ്യപ്പെട്ട് 2025 ഒക്ടോബറിൽ കേന്ദ്ര സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പിന്നാലെ നടപടിക്കെതിരെ പ്രദേശവാസികൾ ദില്ലി ഹൈക്കോടതിയെ സമീപിച്ചു. ചേരിനിവാസികളുടെ സുരക്ഷയും പുനരധിവാസ ചട്ടങ്ങളും പാലിച്ചേ കുട ഒഴിപ്പിക്കാവൂ എന്നാണ് കോടതി നിർദ്ദേശം നൽകിയത്. കേസിൽ വീണ്ടും മെയ് 13 ന് വാദം കേൾക്കാൻ ഇരിക്കേയാണ് സർക്കാരിൻ്റെ തിടുക്കത്തിലുള്ള നടപടി