
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ തസ്തിക നിർണ്ണയവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ആശങ്കകൾക്ക് പരിഹാരമാവുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി. ആധാർ കാർഡിലെ സാങ്കേതിക പ്രശ്നങ്ങൾ കാരണം ഒരൊറ്റ അധ്യാപകന് പോലും ജോലി നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുത് എന്നതാണ് സർക്കാരിന്‍റെ ഉറച്ച നിലപാടെന്നും മന്ത്രി വ്യക്തമാക്കി.
2025 ജൂലൈ 14 വരെ ആധാറിനായി അപേക്ഷിച്ച (ഇഐഡി ഉള്ള) കുട്ടികളെയും, ആധാറിലെ തെറ്റുകൾ തിരുത്താൻ അപേക്ഷ നൽകിയവരെയും തസ്തിക നിർണ്ണയത്തിനായി പരിഗണിക്കും. മേൽസൂചിപ്പിച്ച വിദ്യാർത്ഥികളെ കൂടി ഉൾപ്പെടുത്തി തസ്തികകൾ പുനർനിർണ്ണയിക്കാൻ സർക്കാർ ഉത്തരവിട്ടു. ആധാർ സംബന്ധമായ സാങ്കേതിക കാരണങ്ങളാൽ പുറത്തുപോകേണ്ടി വന്ന അധ്യാപകരെ ഇതിലൂടെ തിരികെ സർവീസിൽ പ്രവേശിപ്പിക്കാൻ സാധിക്കും.