രാഹുല്‍ കേസില്‍ സുപ്രധാന പരാമര്‍ശങ്ങളുമായി ഹൈക്കോടതി


കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസില്‍ സുപ്രധാന നിരീക്ഷണങ്ങളുമായി ഹൈക്കോടതി. രാഹുലും യുവതിയുമായിട്ടുള്ളത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്നാണ് പ്രഥമദൃഷ്ട്യാ ഉള്ള സൂചനയെന്ന് കോടതി അഭിപ്രായപ്പെട്ടു. ബന്ധം തകരുമ്പോള്‍ അതു പീഡനക്കേസായി മാറുന്ന പ്രവണത ശരിയല്ല. അത് അംഗീകരിക്കാനാകില്ല. ഗര്‍ഭച്ഛിദ്രം നടത്തിയത് പരാതിക്കാരിയുടെ സമ്മതത്തോടെയാണെന്നാണ് മനസ്സിലാകുന്നതെന്നും കോടതി നിരീക്ഷിച്ചു

വാട്‌സ് ആപ്പ് ചാറ്റില്‍ നിന്നും അങ്ങനെയാണ് മനസ്സിലാകുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്താണ് ഗര്‍ഭച്ഛിദ്രത്തിനുള്ള മരുന്ന് നല്‍കിയത്. ഇത് യുവതി ആവശ്യപ്പെട്ടതിനാലാണെന്ന് വാട്‌സ് ആപ്പ് ചാറ്റുകളിലുണ്ട്. രാഹുലിന്റെ നിര്‍ബന്ധപ്രകാരമാണോ ഗര്‍ഭച്ഛിദ്രം നടത്തിയതെന്നത് വിചാരണയില്‍ വ്യക്തമാകേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗക്കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ സുപ്രധാന പരാമര്‍ശങ്ങള്‍.

കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കര്‍ശന ഉപാധികളോടെയാണ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. ഫെബ്രുവരി 16ന് രാവിലെ 10 ന് രാഹുല്‍ മാങ്കൂട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ഉത്തരവിട്ടു. അന്ന് ഹാജരാവുന്നത് ഒരു കസ്റ്റഡിയായി കണക്കാക്കാം. അന്നേദിവസം മൊബൈല്‍ ഫോണ്‍ പൊലീസിന് കൈമാറണം. വേണമെങ്കില്‍ അടുത്ത മൂന്നു ദിവസം രാവിലെ 10 മുതല്‍ വൈകീട്ട് 4 വരെ അന്വേഷണ ഉദ്യോഗസ്ഥന് രാഹുലിനെ ചോദ്യം ചെയ്യാവുന്നതാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Previous Post Next Post