നൃത്തപരിശീലനത്തിനിടെ സ്കൂളില്‍ വച്ച് വിഷ പ്രാണിയുടെ കടിയേറ്റു; എട്ടുവയസുകാരിയ്ക്ക് ദാരുണാന്ത്യം


തമിഴ്നാട്ടിലെ നാമക്കലിൽ വിഷപ്രാണി കടിച്ചതിനെ തുടർന്ന് എട്ടുവയസുകാരി മരിച്ചു. തിരുച്ചെങ്കോഡിനടുത്തുള്ള 87 ഗൗണ്ടംപാളയത്ത് താമസിക്കുന്ന എം. രക്ഷിതയാണ് മരിച്ചത്. കുമാരമംഗലത്തെ പഞ്ചായത്ത് യൂണിയൻ പ്രൈമറി സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു രക്ഷിത. സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾക്കായി നൃത്തപരിപാടിയിൽ റിഹേഴ്സലില്‍ പങ്കെടുക്കുന്നതിനിടെയാണ് കുട്ടിയെ വിഷപ്രാണി കടിച്ചത്.

പരിശീലനത്തിനിടെ കുട്ടിയുടെ നെറ്റിയില്‍ ഒരു പ്രാണി കടിക്കുകയും ഉടന്‍ തന്നെ അസ്വസ്ഥത അനുഭവപ്പെട്ടതായും സ്കൂള്‍ അധികൃതര്‍ പറയുന്നു. തൊട്ടുപിന്നാലെ കുട്ടി ബോധരഹിതയായി വീണു. അധ്യാപകരും സ്കൂൾ ജീവനക്കാരും ഉടൻ തന്നെ അവരെ തിരുച്ചെങ്കോഡിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് തിരുച്ചെങ്കോഡ് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

കുട്ടിയുടെ നില വഷളായതിനെത്തുടർന്ന്, പിന്നീട് നാമക്കൽ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി റഫർ ചെയ്തു. തീവ്രപരിചരണത്തിന് വിധേയമാക്കിയെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ കുട്ടി മരിക്കുകയായിരുന്നു. കൂലിപ്പണിക്കാരാണ് രക്ഷിതയുടെ മാതാപിതാക്കള്‍.

സംഭവത്തില്‍ എലച്ചിപാളയം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. ഇതിന്‍റെ ഭാഗമായി പ്രധാനാധ്യാപകനെയും അധ്യാപകരെയും പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്.

Previous Post Next Post